/kalakaumudi/media/media_files/2024/10/29/GBBtg4Ix6WfQqYfSHozm.jpeg)
കണ്ണൂർ: കൈക്കൂലി ആരോപണങ്ങൾക്ക് പിന്നാലെ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്ന് ജാമ്യാപേക്ഷ നൽകും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാവും അപേക്ഷ നൽകുക. നവീൻ ബാബുവിന്റെ കുടുംബം എതിർകക്ഷി ചേരും. പി.പി.ദിവ്യയ്ക്ക് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ടായിരിക്കും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷിചേരുക.
അതേസമയം, ദിവ്യയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം ഇന്ന് തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നല്‍കും. രണ്ടു ദിവസത്തേക്ക് ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും. അറസ്റ്റിനു പിന്നാലെ രേഖപ്പെടുത്തിയ കുറ്റസമ്മതമൊഴിയും അന്വേഷണ പുരോഗതിയും പ്രത്യേക അന്വേഷണ സംഘം മജിസ്‌ട്രേറ്റ് കോടതിയെ അറിയിക്കും.
അതിനിടെ സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗവും ഇന്ന് ചേരും. ദിവ്യയ്ക്കെതിരെ സംഘടന നടപടി ഉണ്ടാകുമോ എന്ന് ഇന്ന് വ്യക്തമായേക്കും. ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റിയതല്ലാതെ ദിവ്യയ്ക്കെതിരെ പാർട്ടി തലത്തിൽ സംഘടന നടപടി ഉണ്ടായിരുന്നില്ല.