/kalakaumudi/media/media_files/2025/08/04/adoor-2025-08-04-13-46-28.jpg)
തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവ് സമാപനച്ചടങ്ങില്‍ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഈ രംഗത്ത് വരുന്നവര്‍ ഒരു സിനിമയെടുത്ത് അപ്രത്യക്ഷരായി പോകരുത്. സ്ത്രീകളും പിന്നാക്ക വിഭാഗത്തില്‍നിന്ന് വരുന്നവരും ഈ രംഗത്ത് തുടര്‍ന്നും ഉണ്ടാവണം. അവരുടെ ഗുണത്തിനും നന്മയ്ക്കും വേണ്ടിയാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. അതാണ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക വകുപ്പ് മന്ത്രി തന്നെ എതിര്‍ത്ത് സംസാരിച്ചത് അദ്ദേഹം സിനിമാ സ്‌പെഷ്യലിസ്റ്റ് അല്ലാത്തതുകൊണ്ടാണെന്നും അടൂര്‍ പ്രതികരിച്ചു.
നമ്മള്‍ മിണ്ടാതിരിക്കുകയാണ് നല്ലതെന്നും മിണ്ടിയാല്‍ അതിലൊരു വിവാദമുണ്ടാക്കാന്‍പറ്റുമെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു. ഞാന്‍ പറഞ്ഞത് എല്ലാ മാധ്യമങ്ങളുടെ കയ്യിലുമുണ്ട്. അതില്‍ എവിടെയെങ്കിലും ദളിത് വിഭാഗത്തെയോ സ്ത്രീകളേയോ മോശമായി പറഞ്ഞിട്ടുണ്ടോ അങ്ങനെയുണ്ടെങ്കില്‍ ഞാന്‍ മാപ്പുപറയാം. മാധ്യമങ്ങളുടെ വ്യാഖ്യാനത്തിന് ഞാന്‍ ഉത്തരവാദിയല്ല. പരിശീലനം കൊടുക്കണമെന്ന് പറഞ്ഞതാണ് ആര്‍ക്കും ഇഷ്ടപ്പെടാതെപോയത്. അറിവുകേടുകൊണ്ടാണ് അതിനെതിരെ പറയുന്നത്. സിനിമ എന്നത് ഒരു മനുഷ്യായുസ്സ് കൊണ്ട് പഠിച്ച് ചെയ്യുന്നൊരാളാണ് ഞാന്‍. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
'സിനിമാരംഗത്ത് ദിനംപ്രതി പുതിയ കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. യാതൊരു പശ്ചാത്തലവുമില്ലാതെയും മുന്‍പരിചയവുമില്ലാതെയും വരുന്നവര്‍ക്കാണ് സിനിമയെടുക്കാന്‍ സര്‍ക്കാര്‍ ധനസഹായം ചെയ്യുന്നത്. അങ്ങനെ ചെയ്യുമ്പോള്‍ അവര്‍ക്ക് കുറഞ്ഞത് മൂന്നുമാസത്തെ ഓറിയന്റേഷന്‍ കൊടുക്കണം. കഥയെഴുതാനും കവിതയെഴുതാനും അക്ഷരജ്ഞാനം വേണ്ടേ അതുപോലെ വേറെ ഒരു ഭാഷയാണ് സിനിമയുടേതും. കുറേ നടീനടന്മാര്‍ വന്ന് അഭിനയിച്ചാല്‍ സിനിമയാവില്ല. അതിന് സാങ്കേതികമായും അല്ലാതെയും കുറേ ഘടകങ്ങളുണ്ട്. അതിനെക്കുറിച്ച് നല്ല ധാരണയോടെവേണം സിനിമയെടുക്കാന്‍. സര്‍ക്കാര്‍ പണം മുടക്കുന്ന സിനിമയ്ക്ക് സാമൂഹ്യ പ്രസക്തിവേണം. സൗന്ദര്യശാസ്ത്രപ്രകാരം മികവുള്ളതുമായിരിക്കണം. സിനിമയെടുക്കുന്നയാളിന് ധാരണയുണ്ടെങ്കിലേ ഇതെല്ലാം ഉണ്ടാകൂ.
ഈ രംഗത്ത് വരുന്നവര്‍ ഒരു സിനിമയെടുത്ത് അപ്രത്യക്ഷരായി പോകരുത്. അവര്‍ക്ക് കിട്ടുന്ന ആദ്യത്തെ അവസരമാണിത്. സ്ത്രീകളും പിന്നാക്ക വിഭാഗത്തില്‍നിന്ന് വരുന്നവരും ഈ രംഗത്ത് തുടര്‍ന്നും ഉണ്ടാവണം. അവരുടെ ഗുണത്തിനും നന്മയ്ക്കും വേണ്ടിയാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. അവരെ വേണ്ടത്ര പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. അങ്ങനെ ഉദ്ദേശിച്ചുപറഞ്ഞ കാര്യത്തെ വളച്ചൊടിച്ച് ആക്ഷേപിച്ചു എന്ന് പറയുന്നതെന്തിനാണെന്ന് മനസിലാവുന്നില്ല.' അടൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിനിമയെടുക്കണമെങ്കില്‍ ആഗ്രഹം മാത്രം പോര, അതിനെക്കുറിച്ച് പഠിക്കണം. ഇത്തരത്തില്‍ സിനിമ ചെയ്തവര്‍ എന്നോട് സംസാരിച്ചിട്ടുണ്ട്. കൃത്യമായ പരിശീലനം കിട്ടാത്തതിന്റെ കുറവ് ആ സിനിമകള്‍ക്കുണ്ട്. മന്ത്രി എതിരഭിപ്രായം പറഞ്ഞത് അദ്ദേഹം സിനിമാ നിര്‍മാതാവല്ലല്ലോ. 60 വര്‍ഷത്തെ അനുഭവ സമ്പത്തിലാണ് താന്‍ സംസാരിക്കുന്നതെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.