കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന പശ്ചാത്തലത്തിൽ നടിയുടെ പരാതിയില്‍ ബലാത്സംഗക്കുറ്റത്തിന് കേസെടുത്ത അഭിഭാഷകൻ വി.എസ്.ചന്ദ്രശേഖരന് മുൻകൂർ ജാമ്യം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കോൺഗ്രസ് നേതാവു കൂടിയായ ചന്ദ്രശേഖരന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ആരോപണം ഉയർന്നതിനു പിന്നാലെ അഭിഭാഷക അസോസിയേഷൻ ഭാരവാഹിത്വം ചന്ദ്രശേഖരൻ രാജിവച്ചിരുന്നു.
ആലുവ സ്വദേശിയായ നടി ഏഴു പേർക്കെതിരെ നൽകിയ പരാതിയിൽ നടന്മാരായ മുകേഷ്, ഇടവേള ബാബു തുടങ്ങിയവർക്ക് നേരത്തെ ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ചന്ദ്രശേഖരന്റെ അപേക്ഷ വിധി പറയാനായി മാറ്റി വയ്ക്കുകയായിരുന്നു. നിർമാതാവിന് മുമ്പിൽ കാഴ്ചവയ്ക്കാൻ ശ്രമിച്ചു, ഒരുമിച്ചു യാത്ര ചെയ്യുമ്പോൾ ലൈംഗികാതിക്രമത്തിന് ശ്രമിച്ചു തുടങ്ങിയ പരാതികളാണ് നടി ഉന്നയിച്ചത്.
കേസിൽ മുൻകൂർ ജാമ്യം തേടിയിരിക്കെ പരാതിക്കാരിയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചുവെന്ന മറ്റൊരു കേസ് കൂടി നെടുമ്പാശേരി പൊലീസ് ചുമത്തിയിരുന്നു. എന്നാൽ താൻ പരാതിക്കാരിക്കൊപ്പം യാത്ര ചെയ്തിട്ടില്ലെന്നും ആരോപണം തെളിയിച്ചാൽ പൊതുജീവിതവും പ്രൊഫഷണൽ ജീവിതവും അവസാനിപ്പിക്കുമെന്നും ചന്ദ്രശേഖരൻ വ്യക്തമാക്കിയിരുന്നു.