മലപ്പുറം : തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് ചികിത്സ നിഷേധിച്ചതായി പരാതി. എആർ നഗർ ചെണ്ടപ്പുറായ സ്വദേശി ഉഷ മകൾ നിഥാന എന്നിവർക്കാണ് ചികിത്സ കിട്ടാതിരുന്നത്. ഫെബ്രുവരി 28ന് രാത്രിയിലാണ് ഓട്ടോറിക്ഷ മറിഞ്ഞു ഉഷയ്ക്കും മകൾക്കും പരിക്കേറ്റത്. രാത്രി പത്തേമുക്കാലോടെ തിരൂരങ്ങാടി ആശുപത്രിയിൽ എത്തിയ അമ്മയ്ക്കും മകൾക്കും അരമണിക്കൂർ കാത്തു നിന്നിട്ടും ചികിത്സ നല്കിയില്ലെന്നാണ് പരാതി.
അത്യാഹിതത്തിലെത്തിയ ഇവരെ മുറിവ് കെട്ടുന്ന റൂമിലേക്ക് മാറ്റിയെങ്കിലും പരിശോധിക്കാൻ ഡോക്ടര്‍ എത്തിയില്ല. വേദന പല തവണ ശ്രദ്ധയില്‍പെടുത്തിയിട്ടും ചികിത്സ കിട്ടാതെ വന്നതോടെ ഇരുവരേയും ബന്ധുക്കള്‍ അവിടെ നിന്നും സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സ നിഷേധിച്ചതിനെതിരെ ആരോഗ്യ മന്ത്രി, ആരോഗ്യ വകുപ്പ് ജയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ഉഷയും കുടുംബവും.