വർഷങ്ങളായി വേട്ടയാടി, ഒടുവിൽ നീതി : വി.എസ്‌ ശിവകുമാർ . നിയമസഭയിലെ പ്രസ്‌താവന പിൻവലിച്ച്‌ മന്ത്രി വീണാ ജോർജ്‌ മാപ്പു പറയണം

2016ലാണ്‌ തനിക്കെതിരായ അനധികൃത സ്വത്ത്‌ സമ്പാദന കേസ്‌ ഇടതു സർക്കാർ കൊണ്ടുവരുന്നത്‌. 2018ൽ പ്രാഥമികഅന്വേഷണം പൂർത്തിയാക്കി. അതിൽ തന്നെ അനധികൃത സ്വത്തുസംഭാവനമോ ബിനാമി ഇടപാടുകളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല

author-image
Devina
New Update
sivakumar
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയായ എസ്.കെ. ആശുപത്രി ബിനാമി പേരിൽ സ്വന്തമാക്കി എന്നത് ഉൾപ്പെടെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസിൻ്റെ അന്വേഷണത്തിൽ നിന്ന് ക്ലീൻ ചിറ്റ് ലഭിച്ചതിലൂടെ സത്യം ഒടുവിൽ ജയിച്ചിരിക്കുന്നു.
വർഷങ്ങളായി രാഷ്ട്രീയ പ്രേരിതമായി തന്നെ വേട്ടയാടിയ ഇടതു സർക്കാരിന്റെ നീക്കങ്ങൾക്കുള്ള വ്യക്തമായ മറുപടിയാണ് നിലവിലെ വിജിലൻസ് റിപ്പോർട്ട്. പൊതുജന സേവകനെന്ന നിലയിലെ എന്റെ രാഷ്ട്രീയ ജീവിതത്തെയും പ്രതിഛായയെയും തകർക്കുക എന്ന ലക്ഷ്യത്തോടെ കള്ളപ്പേരിൽ അനോണിമസായി പെറ്റീഷൻ നൽകിയാണ്‌ ഇത്തരമൊരു കേസ് ഉയർത്തിക്കൊണ്ടുവന്നത്. അതിന്റെ ഭാഗമായി എന്റെ കുടുംബത്തെ പോലും അനാവശ്യ വിവാദങ്ങളിലേക്ക്‌ വലിച്ചിഴച്ചു.
എന്നെ രാഷ്‌ട്രീയമായി വേട്ടയാടാൻ നിരവധി ശ്രമങ്ങൾ നടന്നു. അതിൽ ഒടുവിലത്തേതാണ്‌ നിയമസഭയിൽ വച്ച്‌ നിലവിലെ ആരോഗ്യമന്ത്രി ശ്രീമതി വീണാ ജോർജ്‌ നടത്തിയത്‌. നിയമസഭയിലെ പ്രസ്‌താവന പിൻവലിച്ച്‌ മാപ്പു പറയാൻ വീണാ ജോർജ്‌ തയാറാകണം. സ്വന്തം വകുപ്പിലെ കെടുകാര്യസ്ഥത മറച്ചുവയ്‌ക്കാൻ ഒരു അടിയന്തര പ്രമേയ ചർച്ചയ്‌ക്കിടെ ഞാൻ സ്വകാര്യ ആശുപത്രി വാങ്ങിയാണ്‌ വകുപ്പ്‌ വികസിപ്പിച്ചതെന്ന തികച്ചും നിരുത്തരവാദപരമായ പ്രസ്‌താവനയാണ്‌ മന്ത്രി വീണാ ജോർജ്‌ നടത്തിയത്‌. ഇതേ പ്രസ്‌താവന നിയമസഭാംഗം എന്ന പ്രിവിലേജില്ലാതെ പൊതുവേദിയിൽ പറയാൻ ശ്രീമതി വീണാ ജോർജിന് ധൈര്യമുണ്ടോ? ഇല്ലെങ്കിൽ പ്രസ്‌താവന നിരുപാധികം പിൻവലിച്ച്‌ അവർ മാപ്പു പറയണം.
2016ലാണ്‌ തനിക്കെതിരായ അനധികൃത സ്വത്ത്‌ സമ്പാദന കേസ്‌ ഇടതു സർക്കാർ കൊണ്ടുവരുന്നത്‌. 2018ൽ പ്രാഥമികഅന്വേഷണം പൂർത്തിയാക്കി. അതിൽ തന്നെ അനധികൃത സ്വത്തുസംഭാവനമോ ബിനാമി ഇടപാടുകളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നിട്ടും രണ്ട്‌ വർഷം കഴിഞ്ഞ്‌ 2020ലാണ്‌ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഇത് 2021ലെ തെരഞ്ഞെടുപ്പ്‌ മുന്നിൽ കണ്ടാണ്‌. പ്രാഥമിക അന്വേഷണത്തിൽ എന്തെങ്കിലും മെറ്റീരിയൽ എവിഡൻസ് ഉണ്ടെങ്കിൽ മാത്രമേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സാധിക്കൂ എന്ന് വിജിലൻസ് മാനുവലിൽ പറഞ്ഞിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ ശുപാർശയും ഉണ്ടായിരുന്നില്ല. ഈ നടപടിക്രമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 
2016 ൽ ആരംഭിച്ച കേസ് 2026ലെ അസംബ്ലിക് തെരഞ്ഞെടുപ്പ് വരെ നീട്ടി കൊണ്ടുപോവുക എന്ന ഉദ്ദേശം മനസ്സിലാക്കിയാണ് 2023ല്‍ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്ത് കേസ് തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടത്. ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്ത ശേഷവും വിവിധ കാരണങ്ങൾ പറഞ്ഞു ഒന്നരവർഷത്തോളം കേസ് നീട്ടിക്കൊണ്ട് പോകാനാണ് സർക്കാർ ശ്രമിച്ചത്. അന്വേഷണം പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കണം എന്ന ഹൈക്കോടതിയുടെ അന്ത്യശാസനം ഉൾക്കൊണ്ടാണ് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചത്. സത്യം പുറത്തുവരും എന്നുള്ളതുകൊണ്ടാണ് ഉന്നത നീതിപീഠമായ ഹൈക്കോടതിയെ ഞാൻ ഈ കാര്യത്തിൽ സമീപിച്ചത്. കോടതിയുടെ ഇടപെടൽ കൊണ്ടാണ് ഈ റിപ്പോർട്ട് ഈ സമയത്ത് എങ്കിലും വിജിലൻസ് സമർപ്പിച്ചത്. 
എന്നെയും എൻ്റെ കുടുംബത്തെയും വേട്ടയാടി എന്നെ അഴിമതിക്കാരനായി ചിത്രീകരിച്ച് മാനസികമായി തകർക്കാനുള്ള ശ്രമമാണ് നടത്തിയത്. സത്യം എന്നെങ്കിലും പുറത്തുവരും എന്ന ആത്മവിശ്വാസം ഈശ്വര വിശ്വാസിയായ എനിക്ക് ഉള്ളതുകൊണ്ടാണ് നീതിക്കായി പോരാടിയത്. ഇതിനിടയിൽ എനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജപ്രചരണം നടത്തിയവർക്കെതിരെ തിരുവനന്തപുരം സബ് കോടതിയിൽ 50 ലക്ഷം രൂപയുടെ നഷ്ടപരിഹാര കേസും മജിസ്ട്രേറ്റ് കോടതിയിൽ ക്രിമിനൽ കേസും കൊടുത്തിട്ടുണ്ട്.