അഗളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു എന്‍ കെ രാജിവെച്ചു

ഇത്തവണ യുഡിഎഫ് ഭരണം പിടിച്ചെടുത്തു. അതിനു പിന്നാലെയാണ് കോണ്‍ഗ്രസ് അംഗത്തിന്റെ കൂറുമാറ്റവും, പ്രസിഡന്റ് തെരഞ്ഞെടുപ്പും വിവാദമായത്.ഇന്നും എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരിക്കുമെന്നും മഞ്ജു പറഞ്ഞു

author-image
Devina
New Update
manju

പാലക്കാട്: അഗളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു എന്‍ കെ രാജിവെച്ചു. കോണ്‍ഗ്രസില്‍ നിന്നും കൂറുമാറി സിപിഎം പിന്തുണയോടെയാണ് മഞ്ജു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

 ഇന്നും എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരിക്കുമെന്നും മഞ്ജു പറഞ്ഞു.

 കൂറുമാറ്റത്തിനു പിന്നില്‍ സിപിഎം മുന്‍ ഏരിയാ സെക്രട്ടറിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

പ്രസിഡന്റ് സ്ഥാനത്തേക്ക് എന്റെ പേര് നിര്‍ദേശിക്കപ്പെട്ടപ്പോള്‍ എല്‍ഡിഎഫ് അംഗങ്ങള്‍ പിന്തുണ നല്‍കുകയായിരുന്നുവെന്ന് മഞ്ജു പറഞ്ഞു.

 ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തക എന്ന നിലയില്‍ ഈ പിന്തുണ സ്വീകരിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ല. അതിനാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയാണെന്ന് മഞ്ജു അറിയിച്ചു.

കഴിഞ്ഞ 10 വര്‍ഷമായി അഗളി പഞ്ചായത്ത് സിപിഎമ്മിന്റെ ഭരണത്തിലായിരുന്നു.

 ഇത്തവണ യുഡിഎഫ് ഭരണം പിടിച്ചെടുത്തു. അതിനു പിന്നാലെയാണ് കോണ്‍ഗ്രസ് അംഗത്തിന്റെ കൂറുമാറ്റവും, പ്രസിഡന്റ് തെരഞ്ഞെടുപ്പും വിവാദമായത്. കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ്, മഞ്ജു പ്രാദേശിക പാര്‍ട്ടി നേതാക്കളുമൊത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്.

തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പത്ത് സീറ്റും എല്‍ഡിഎഫിനെ ഒമ്പത് സീറ്റും ബിജെപിക്ക് രണ്ട് സീറ്റുമായിരുന്നു ലഭിച്ചത്.

സിബു സിറിയക്കിനെയായിരുന്നു പഞ്ചായത്ത് പ്രസിഡന്റാക്കാന്‍ തീരുമാനിച്ചിരുന്നത്.

എന്നാല്‍, കൈപ്പത്തി ചിഹ്നത്തില്‍ വിജയിച്ച മഞ്ജു എല്‍ഡിഎഫ് പിന്തുണയോടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

മഞ്ജുവിന് അബദ്ധം സംഭവിച്ചതാകാമെന്നും, സിപിഎം പിന്തുണയോടെ വിജയിച്ച പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ നേരത്തെ പ്രതികരിച്ചിരുന്നു.

 കൂറുമാറ്റ നിരോധന നിയമപ്രകാരം തെരഞ്ഞെടുപ്പ് കമീഷന് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു.

സിപിഎം പിന്തുണയോടെയുള്ള കോണ്‍ഗ്രസ് അംഗത്തിന്റെ അഗളിയിലെ വിജയം ഏറെ ചര്‍ച്ചയായിരുന്നു.