തിരുവനന്തപുരം: ഈ വർഷത്തെ അഗസ്‌ത്യകൂടം ഓഫ് സീസൺ ട്രക്കിങ് ആരംഭിച്ചു. തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് ട്രക്കിങ്. അഞ്ച് അല്ലെങ്കിൽ 10 പേരടങ്ങുന്ന സംഘങ്ങളായാണ് ട്രക്കിങ് അനുവദിക്കുക. താൽപ്പര്യമുള്ളവർക്ക് tvmwildlife.com വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്‌ത് ടിക്കറ്റ് ബുക്ക് ചെയ്യാം. അഞ്ചു പേരടങ്ങുന്ന ഒരു സംഘത്തിന് 20,000 രൂപയാണ് നിരക്ക്.
ആറുമുതൽ 10 പേർവരെയുള്ള സംഘത്തിന് 40,000 രൂപ നൽകണം. ഓഫ് സീസണായതിനാൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അതിരുമല ബെയ്‌സ് ക്യാമ്പിൽ പ്രത്യേകം സൗകര്യം ഒരുക്കേണ്ടതുണ്ട്. ഭക്ഷണം പാചകം ചെയ്യാനുള്ള ഗ്യാസ്, ജനറേറ്ററുകൾ, ഇന്ധനം തുടങ്ങിയവയെല്ലാം 16 കിലോമീറ്റർ താണ്ടി തലച്ചുമടായിവേണം ബെയ്‌സ് ക്യാമ്പിൽ എത്തിക്കാൻ. സുരക്ഷയ്‌ക്കായി കൂടുതൽ വാച്ചർമാരെയും വിന്യസിക്കണം. ഇതിനാലാണ് ഈ തുക ഈടാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
സന്ദർശകർക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ നൽകും. ഒരു ഗ്രൂപ്പിന് ഒരാളെന്ന രീതിയിൽ ഗൈഡിനെയും അനുവദിക്കും. ട്രക്കിങ് മൂന്നുദിവസം നീണ്ടുനിൽക്കുന്നതാണ്. ഒരു വശത്തേക്ക് 20 കിലോമീറ്റർ ദൈർഘ്യം വരുന്ന യാത്ര ദക്ഷിണേന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ട്രക്കിങ്ങാണ്.