തിരുവനന്തപുരം : മോഷണക്കുറ്റം ചുമത്തി പൊലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവം പുറത്തു വന്നതിനു പിന്നാലെ നടപടിയെടുത്ത് സര്‍ക്കാര്‍. തിരുവനന്തപുരം പേരൂര്‍ക്കട എസ്‌ഐക്ക് സസ്‌പെന്‍ഷന്‍ . സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി . കന്റോണ്‍മെന്റ് എസ്പിയുടെ വിശദമായ റിപ്പോര്‍ട്ടിനു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു. ഇരുപത് മണിക്കൂറാണ് യുവതിയെ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയത്.വെളളം ചോദിച്ചപ്പോള്‍ ശുചിമുറിയിലെ വെളളം കുടിക്കാന്‍ ആവശ്യപ്പെട്ടു.പേരൂര്‍ക്കട സ്വദേശിയായ ബിന്ദു ജോലി ചെയ്ത വീട്ടില്‍ നിന്ന് കാണാതായ രണ്ടേകാല്‍ സ്വര്‍ണ്ണത്തിന്റെ പേരിലാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. എന്നാല്‍ നഷ്ടപെട്ട സ്വര്‍ണ്ണം വീട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.കണ്ടെത്തിയ വിവരം വീട്ടുകാര്‍ അറിയിച്ചിട്ടും ബിന്ദുവിനെ വിട്ടയച്ചിരുന്നില്ല.രാത്രി സ്ത്രീകളെ പൊലീസ് സ്റ്റേഷനില്‍ വയ്ക്കരുത് എന്ന നിയമം നിലനില്‍ക്കെയാണ് ബിന്ദുവിന് കൊടും ക്രൂരത നേരിടേണ്ടി വന്നത്. പരാതി നല്കിയ സ്ത്രീക്കെതിരെയും നിയമനപടിക്ക് പോകുമെന്ന് ബിന്ദു അറിയിച്ചിട്ടുണ്ട്.