ലൈംഗികാതിക്രമക്കേസുകളിൽ മുകേഷ് അടക്കമുള്ള നടൻമാരുടെ അറസ്റ്റ് ഉടനില്ലെന്ന് അന്വേഷണ ചുമതലയുള്ള എഐജി പൂങ്കുഴലി ഐപിഎസ്. വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമായതിനാൽ കൂടുതൽ അന്വേഷണം വേണമെന്നും എഐജി പറഞ്ഞു.
പ്രതികൾ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കോടതി നടപടികൾ പരിഗണിച്ചായിരിക്കും ചോദ്യം ചെയ്യലടക്കമുണ്ടാവുകയെന്നും എഐജി അറിയിച്ചു. അതേസമയം കേസിൽ മുകേഷ്, കോൺഗ്രസ് നേതാവ് അഡ്വക്കറ്റ് ചന്ദ്രശേഖർ, മണിയൻപിള്ള രാജു എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കുകയാണ്. അടച്ചിട്ട കോടതിമുറിയിലാണ് വാദം.