വിമാനത്തിലെ ടയര്‍ പൊട്ടിയതില്‍ ദുരൂഹത; യാത്രക്കാരെ കരിപ്പൂരിലേക്ക് റോഡ് മാര്‍ഗം എത്തിക്കും

ജിദ്ദ വിമാനത്താവളത്തിലെ റണ്‍വേയില്‍നിന്ന് ടേക്ക് ഓഫിനിടെ ടയറില്‍ പറ്റിപ്പിടിച്ച വസ്തുവാണ് പ്രശ്‌നമുണ്ടാക്കിയതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഈ വസ്തു എന്താണെന്നും മറ്റുമുള്ള വിവരങ്ങള്‍ പരിശോധിക്കുന്നതേയുള്ളൂവെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു

author-image
Biju
New Update
air india

കൊച്ചി: 160 യാത്രക്കാരുമായി കരിപ്പൂരിലേക്കു പോയ വിമാനത്തിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്. ജിദ്ദയില്‍നിന്ന് കരിപ്പൂരില്‍ ഇറങ്ങേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഐഎക്‌സ് 398 ആണ് വഴിതിരിച്ചുവിട്ട് കൊച്ചിയില്‍ ഇറങ്ങിയത്. വിമാനത്തിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചുവെന്ന് പിന്നീടുനടന്ന പരിശോധനയില്‍ കണ്ടെത്തി. ലാന്‍ഡിങ് ഗിയറില്‍ സാങ്കേതിക പ്രശ്‌നം ഉണ്ടായതിനെത്തുടര്‍ന്നാണ് കൊച്ചിയിലേക്ക് അടിയന്തര ലാന്‍ഡിങ്ങിനു വിമാനം ശ്രമിച്ചത്. 

ജിദ്ദ വിമാനത്താവളത്തിലെ റണ്‍വേയില്‍നിന്ന് ടേക്ക് ഓഫിനിടെ ടയറില്‍ പറ്റിപ്പിടിച്ച വസ്തുവാണ് പ്രശ്‌നമുണ്ടാക്കിയതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഈ വസ്തു എന്താണെന്നും മറ്റുമുള്ള വിവരങ്ങള്‍ പരിശോധിക്കുന്നതേയുള്ളൂവെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. 

അടിയന്തര ലാന്‍ഡിങ്ങിന് ശ്രമിച്ചതോടെ വിമാനത്താവളത്തില്‍ സിഐഎസ്എഫ്, അഗ്‌നിരക്ഷാ സേന തുടങ്ങിയ വിഭാഗങ്ങള്‍ സജ്ജരായി നിന്നിരുന്നു. എന്നാല്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യാനായി. അടിയന്തര സാഹചര്യം ഒഴിവായ ആശ്വാസത്തിലാണ് വിമാനത്താവള അധികൃതര്‍.

അപകടം നടന്നതോടെ ശ്രീലങ്കയിലെ കൊളംബോയില്‍നിന്ന് കൊച്ചിയില്‍ 9.20ന് ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന വിമാനം മധുരയിലേക്കു വഴിതിരിച്ചുവിട്ടുവെന്ന് സിയാല്‍ അറിയിച്ചു. ശ്രീലങ്കന്‍ എയറിന്റെ ഫ്‌ലൈറ്റ് നമ്പര്‍ യുഎല്‍/165 ആണ് മധുരയിലേക്കു വിട്ടത്. ജിദ്ദയില്‍നിന്നുള്ള വിമാനത്തിന്റെ അടിയന്തര ലാന്‍ഡിങ്ങിനെത്തുടര്‍ന്ന് റണ്‍വേ അടച്ചിടേണ്ടി വന്നതുകൊണ്ടാണ് കൊളംബോ  കൊച്ചി വിമാനം മധുരയ്ക്കു വിടേണ്ടി വന്നത്.