മുന്നറിയിപ്പില്ലാതെ വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ; യാത്രക്കാരുടെ പ്രതിഷേധം

അബൂദബി, ഷാർജ, മസ്കറ്റ് വിമാനങ്ങളാണിപ്പോൾ റദ്ദാക്കിയത്.വിമാനങ്ങൾ റദ്ദാക്കുന്നതിലേക്ക് നയിച്ചത് ജീവനക്കാരുടെ മിന്നൽ പണിമുടക്കാണെന്നാണ് അനൗദ്യോഗിക വിശദീകരണം.

author-image
Greeshma Rakesh
Updated On
New Update
AIR INDIA

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട്: കണ്ണൂർ, കോഴിക്കോട്, കൊച്ചി,തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. മുന്നറിയിപ്പില്ലാതെയാണ് നടപടി. ഇതോടെ, നൂറുകണക്കിന് യാത്രക്കാർ കുടുങ്ങി കിടക്കുകയാണ്.

അബൂദബി, ഷാർജ, മസ്കറ്റ് വിമാനങ്ങളാണിപ്പോൾ റദ്ദാക്കിയത്. ഇതോടെ, കണ്ണൂർ വിമാനത്താവളത്തിലുൾപ്പെടെ യാത്രക്കാർ പ്രതിഷേധം ആരംഭിച്ചു. വിമാനങ്ങൾ റദ്ദാക്കുന്നതിലേക്ക് നയിച്ചത് ജീവനക്കാരുടെ മിന്നൽ പണിമുടക്കാണെന്നാണ് അനൗദ്യോഗിക വിശദീകരണം.

അലവൻസ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാർ സമരം നടത്തുന്നതെന്നാണ് അറിയുന്നത്. കണ്ണൂർ വിമാനത്താളത്തിൽ ഇന്ന് പുലർച്ചെ ഒരുമണിക്കെത്തിയ യാത്രക്കാരാണ് അധികൃതരുടെ വിശദീകരണമെന്ന് ലഭിക്കാതെ കുടുങ്ങി കിടക്കുന്നത്.

തൊഴിൽ ആവശ്യങ്ങൾക്ക് പോകുന്ന ചിലരുടെ വിസ കാലാവധി ഇന്നു തീരും. ഈ സാഹചര്യത്തിൽ ആശങ്കയിലാണ് യാത്രക്കാർ. ഇതിനിടെ, ഹൈദരാബാദിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ സർവീസ് നടത്തിയതായി യാത്രക്കാർ പറയുന്നു. എന്നാൽ, രാജ്യവ്യാപകമായി ജീവനക്കാർ നടത്തുന്ന സമരമാണെന്നാണ് വിശദീകരണം.

കരിപ്പൂരും നെടുമ്പാശ്ശേരിയിലും ചില വിമാന സർവീസുകളും റദ്ദാക്കി. ഷാർജ, മസ്കറ്റ്, ബഹൈറൈൻ, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് നെടുമ്പാശ്ശേരിയിൽ റദ്ദാക്കിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ട ആറ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി.

ദുബൈ, റാസൽഖൈമ, ജിദ്ദ, ദോഹ, ബഹ്‍റൈയ്ൻ, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. ഇതിനിടെ, കണ്ണൂരിൽ നാളെ മുതലുള്ള വിമാനങ്ങളിൽ ടിക്കറ്റ് നൽകാമെന്ന ഉറപ്പിൽ യാത്രക്കാർ പ്രതിഷേധം അസവസാനിപ്പിച്ചു. മുൻഗണനാ ക്രമത്തിൽ ടിക്കറ്റ് നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

air india express kerala news flight service