ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കൊടുവില്‍ എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടി. ക്രമസമാധാന ചുമതലയില്‍നിന്ന് നീക്കി നടപടി ഒതുക്കുകയാണ് ചെയ്തത്. അതേസമയം, സായുധ ബറ്റാലിയന്‍റെ ചുമതലയില്‍ അദ്ദേഹം തുടരും. മനോജ് എബ്രഹാമിന് പകരം ക്രമസമാധാന വകുപ്പിന്‍റെ ചുമതല. ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബിന്‍റെ റിപ്പോർട്ടിനു പിന്നാലെയാണു നടപടി.ഇന്നു രാവിലെയാണ് എഡിജിപി അജിത് കുമാറിനെതിരെ ഡിജിപിയുടെ നേതൃത്വത്തിൽ തയാറാക്കിയ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. ആഭ്യന്തര സെക്രട്ടറിയാണ് റിപ്പോർട്ട് കൈമാറിയത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനും കെ.കെ രാഗേഷും ക്ലിഫ് ഹൗസിലെത്തി. പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി.അതീവ ഗുരുതര കണ്ടെത്തലുകളടങ്ങിയ അന്വേഷണ റിപ്പോർട്ടാണ് ഇന്നലെ സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയത്. മുഖ്യമന്ത്രി ഈ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് രാത്രി വൈകി നടപടി വന്നത്.
നേരത്തെ അജിത് കുമാറിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിൽ തിരക്കിട്ട നീക്കങ്ങൾ നടന്നിരുന്നു. രാത്രി വൈകിയും മുഖ്യമന്ത്രി സെക്രട്ടറിയേറ്റിൽ എത്തി. ഓഫീസിൽ ഒരു മണിക്കൂറോളം ചെലവഴിച്ച ശേഷം എട്ടുമണിയോടെയാണു മുഖ്യമന്ത്രി മടങ്ങിയത്.ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട ഇടപെടല്‍ തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് അജിത് കുമാറിനെതിരെ ഉയര്‍ന്നിരുന്നത്. ഇടതുപക്ഷ എംഎല്‍എയായിരുന്ന പി.വി അന്‍വറിനു പുറമെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് കടുത്ത ആരോപണങ്ങളുമായി ആദ്യമായി രംഗത്തെത്തിയത്. ഇതിനു പിന്നാലെ പ്രതിപക്ഷത്തിനു പുറമെ സിപിഐ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് ഘടകകക്ഷികളും അജിതിനെ മാറ്റണമെന്ന ഉറച്ച നിലപാട് സ്വീകരിച്ചിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
