സഖാക്കള്‍ക്ക് നല്‍കിയ മുന്നറിയിപ്പ്; ചിഹ്നം നഷ്ടപ്പെടുമെന്ന വിവാദ പ്രസംഗത്തില്‍ എ കെ ബാലന്‍

പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് വിജയം ഉറപ്പാണെന്നും എ കെ ബാലന്‍

author-image
Sukumaran Mani
New Update
AK Balan

AK Balan

Listen to this article
0.75x 1x 1.5x
00:00 / 00:00

പാലക്കാട്: പാര്‍ട്ടി ചിഹ്നം നഷ്ടപ്പെടുമെന്ന വിവാദ പ്രസംഗത്തില്‍ വിശദീകരണവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലന്‍. സിപിഐഎമ്മിന്റെ ദേശീയ അംഗീകാരവും, ഔദ്യോഗിക തിരഞ്ഞെടുപ്പ് ചിഹ്നവും ഇല്ലാതാക്കാന്‍ പല ശ്രമങ്ങളും നടക്കുന്നുണ്ട്. ഭരണഘടനയും സര്‍ക്കാരും സംരക്ഷിക്കപ്പെടേണ്ടത് നാടിന്റെ ആവശ്യമാണ്. അതിനായി കഴിഞ്ഞ ഒന്നര വര്‍ഷമായി പ്രവര്‍ത്തകര്‍ക്ക് സമാന നിര്‍ദേശം നല്‍കാറുണ്ടെന്ന് എ കെ ബാലന്‍ പറഞ്ഞു. കോഴിക്കോട്ടെ പ്രസംഗം ചിലര്‍ തെറ്റായി ഉപയോഗിച്ചു. അത് സഖാക്കള്‍ക്ക് നല്‍കിയ മുന്നറിയിപ്പായിരുന്നു. പല വേദികളിലും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും എ കെ ബാലന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

ഇടതുപാര്‍ട്ടികള്‍ ചിഹ്നം സംരക്ഷിക്കണമെന്നും ദേശീയ പദവി നഷ്ടപ്പെട്ടാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഈനാംപേച്ചി, നീരാളി പോലുള്ള ചിഹ്നങ്ങളാവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുകയെന്നും എ കെ ബാലന്‍ പറഞ്ഞിരുന്നു.

മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം വര്‍ഗീയ കലാപത്തിന് തിരികൊളുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും എ കെ ബാലന്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാണിക്കാനുള്ള എല്ലാ ശ്രമങ്ങളും ബിജെപി നടത്തും. അതിനപ്പുറത്തേക്ക് വര്‍ഗീയ കലാപത്തിലേക്കും ഏറ്റുമുട്ടലിലേക്കും സമൂഹത്തെ വലിച്ചിഴച്ചുകൊണ്ടുപോകുമോയെന്ന സംശയത്തിലാണ് താന്‍ എന്നും എ കെ ബാലന്‍ പറഞ്ഞു. കടന്നുകയറ്റുകാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും നിങ്ങളുടെ സ്വത്ത് നല്‍കുന്നത് അംഗീകരിക്കാനാവുമോയെന്ന വിവാദ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു എ കെ ബാലന്‍. പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് വിജയം ഉറപ്പാണെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

ak balan cpim Alathur