AK balans former assistant private secretary N.Ram
തിരുവനന്തപുരം: മുൻമന്ത്രി എ.കെ.ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം വീട്ടുവളപ്പിലെ കിണറ്റിൽ കണ്ടെത്തി. കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.പട്ടം പൊട്ടക്കുഴി തേക്കുംമൂട് പിആർഎ 21 സുപ്രഭാതത്തിൽ എൻ.റാമിനെയാണ് (68) വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച ഉച്ചയ്‌ക്ക് 12 മണിയോടെ റാമിനെ വീട്ടിൽ നിന്ന് കാണാതാകുകയായിരുന്നു.തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് രാത്രി എട്ടരയോടെയാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. രാജാജി ന​ഗറിൽ നിന്നുള്ള അ​ഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറായിരിക്കെയാണ് 2006-2011 വർഷത്തിൽ മന്ത്രിയുടെ സ്റ്റാഫിലേക്ക് റാം നിയമിതനായത്. കെജിഒഎ മുൻ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: സരസ്വതി. മക്കൾ: ശ്രുതി, സ്മൃതി. മരുമക്കൾ: അർജുൻ, അനൂപ്.സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.