/kalakaumudi/media/media_files/2025/05/06/ONtz1xqPVh2DPREbgO2i.jpeg)
അക്ഷയ സെന്റർ ജീവനക്കാരിയുടെ അനാസ്ഥയിലും തട്ടിപ്പിലും തകർന്നത് ഒരു വിദ്യാർത്ഥിയുടെ ഡോക്ടർ ആകണമെന്ന സ്വപ്നം. പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ വ്യാജ ഹാൾ ടിക്കറ്റുമായി വിദ്യാർത്ഥി പിടിയിലാകുന്നത്. എന്നാൽ തനിക്ക് വ്യാജ ഹാൾടിക്കറ്റാണ് തന്റെ കയ്യിൽ ഉള്ളതെന്ന് അറിയാതെയാണ് വിദ്യാർത്ഥി പരീക്ഷക്കെത്തിയത്. പരീക്ഷക്ക് അപേക്ഷിക്കാനായി ഏൽപ്പിച്ചിരുന്നത് നെയ്യാറ്റിൻകര അക്ഷയ സെന്റർ ജീവനക്കാരിയായ ഗ്രീഷ്മയെ ആണ്. എന്നാൽ ഗ്രീഷ്മ അപേക്ഷിക്കാൻ മറന്നുപോയി. എന്നാൽ വിദ്യാർത്ഥി ഹാൾടിക്കറ്റ് ആവശ്യപ്പെട്ടതിനെത്തുടർന്ന് മറ്റൊരു വിദ്യാർത്ഥിയുടെ വിവരങ്ങൾ വച്ച് വ്യാജ ഹാൾടിക്കറ്റ് നിർമ്മിച്ച് നൽകുകയായിരുന്നു. പത്തനംത്തിട്ട വരെ പരീക്ഷ എഴുതാൻ പോകുമെന്ന് കരുതിയില്ലെന്നാണ് ഗ്രീഷ്മയുടെ മൊഴി. വെറും 20 വയസ്സ് മാത്രമാണ് ഗ്രീഷ്മയുടെ പ്രായം
പിടിയിലായ വിദ്യാർഥിയുടെ സ്വപ്നം വെറ്ററിനറി ഡോക്ടർ ആകണം എന്നാണ്. അമ്മ ശുചീകരണത്തൊഴിലാളിയാണ്. അച്ഛന് മാനസിക വെല്ലുവിളിയുണ്ട്. രണ്ടര ലക്ഷത്തോളം രൂപ കടം വാങ്ങിയാണ് നീറ്റ് പരീക്ഷാ പരിശീലനത്തിന് അയച്ചത്. ഹാൾടിക്കറ്റിലെ തിരിമറി നീറ്റ് പരീക്ഷ ഉദ്യോഗസ്‌ഥർ കണ്ടെത്തി പിടികൂടിയപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ലെന്ന് വിദ്യാർഥി പറഞ്ഞു.
അഡ്മിറ്റ് കാർഡിൽ, പരീക്ഷാ സെന്റർ പത്തനംതിട്ട മാർത്തോമാ ഹയർസെക്കൻഡറി സ്‌കൂളെന്നായിരുന്നു. ഞായറാഴ്ച രാവിലെ അമ്മയ്ക്കൊപ്പം വിദ്യാർഥി ഇവിടെയെത്തി. എന്നാൽ ഇത് പരീക്ഷാ സെന്ററല്ലായിരുന്നു. തുടർന്ന് നഗരത്തിൽ പരീക്ഷ നടക്കുന്ന തൈക്കാവ് സ്കൂകൂളിലെത്തുകയായിരുന്നു. കാർഡിലെ നമ്പർ പരിശോധിച്ചപ്പോൾ വിദ്യാർഥിക്ക് ഇവിടെ പരീക്ഷ ഇല്ലെന്നാണ് കണ്ടത്. ക്യൂ ആർ കോഡ് സ്കാൻചെയ്തപ്പോഴും മറ്റൊരു പേരാണ് തെളിഞ്ഞത്.
പരീക്ഷാ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഒബ്സർവറും സ്‌കൂൾ അധികൃതരും വിവരം സ്റ്റേറ്റ് കോഡിനേറ്ററെ അറിയിച്ചു. അച്ചടിപ്പിശക് ആകാമെന്നും ഒരു വിദ്യാർഥിയുടെ അവസരം നഷ്ടമാകേണ്ടെന്നും പരീക്ഷയ്ക്ക് എത്താത്ത വിദ്യാർഥിയുടെ സീറ്റിലിരുന്ന് എഴുതട്ടെയെന്നും അറിയിപ്പ് ലഭിച്ചു. തുടർന്ന് ഒരുമണിക്കൂർ പരീക്ഷ എഴുതി. എന്നാൽ, ബയോമെട്രിക് ആധാർ പരിശോധനാ സമയത്ത് ഇങ്ങനൊരു പേരിൽ വിദ്യാർഥി നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമായി.
അഡ്മിറ്റ് കാർഡിന്റെ പ്രധാനഭാഗത്ത് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിയുടെ പേരും, ഇതിലെ ഡിക്ലറേഷന്റെ ഭാഗത്ത് തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർഥിയുടെ പേരുമായിരുന്നു. ഡിക്ലറേഷന്റെ ഭാഗത്ത് പരാമർശിച്ച പേരിൽ ഒരു വിദ്യാർഥി തിരുവനന്തപുരത്ത് പരീക്ഷ എഴുതുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ ഒബ്‌സർവർ പോലീസിൽ പരാതി നൽകി. പത്തനംതിട്ട പോലീസെത്തി വിദ്യാർഥിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിദ്യാർത്ഥിയുടെ രണ്ടാം ശ്രമം ആയിരുന്നു ഇത്തവണത്തേത്.