/kalakaumudi/media/media_files/2025/03/13/6h2jujJUS6OQ7Q6UdQZv.jpg)
ആലപ്പുഴ: തകഴിയില്‍ അമ്മയും മകളും ട്രെയിന്‍ തട്ടി മരിച്ചു. കേളമംഗലം സ്വദേശിനി പ്രിയയും (35), പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളും ആണ് മരിച്ചത്. തകഴി റെയില്‍വേ ക്രോസിനു സമീപത്തു വച്ച് ഇരുവരും ട്രെയിനിനു മുന്നിലേക്ക് ചാടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. സ്‌കൂട്ടറില്‍ എത്തിയ ഇരുവരും വാഹനം റോഡില്‍വെച്ച ശേഷം പാളത്തില്‍ കയറി നില്‍ക്കുകയായിരുന്നു. ആലപ്പുഴ-കൊല്ലം പാസഞ്ചര്‍ ട്രെയിനാണ് ഇരുവരെയും തട്ടിയത്. തകഴി ആശുപത്രി ലെവല്‍ ക്രോസിന് സമീപത്തായിരുന്നു സംഭവം.
മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമാകാനുണ്ട്. അതേസമയം, തിരുവനന്തപുരത്തെ വര്‍ക്കലയില്‍ രണ്ടു സ്ത്രീകള്‍ ട്രെയിന്‍ തട്ടി മരിച്ചു. കുമാരി, അമ്മു എന്നിവരാണ് മരിച്ചത്.
അയന്തി പാലത്തിന് സമീപമായിരുന്നു അപകടം. കുമാരിയുടെ സഹോദരിയുടെ മകളാണ് മരിച്ച അമ്മു. അയന്തി വലിയമേലേതില്‍ ക്ഷേത്രത്തില്‍ പൊങ്കാല ചടങ്ങുകള്‍ക്ക് പോകുമ്പോഴായിരുന്നു അപകടം.