/kalakaumudi/media/media_files/2026/02/14/aali-2026-02-14-10-34-09.jpg)
തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിൻ ഷെറിൻ ഇനി കണ്ണീരോർമ്മ .വാഹനാപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച പത്തുമാസം മാത്രം പ്രായമുള്ള ആലിൻ ഷെറിൻ നാലുപേർക്കാണ് പുതുജീവനേകിയത്.ആലിൻ ഷെറിന്റെ വൃക്കകൾ പത്തുവയസുള്ള കുട്ടിക്ക് ആണ് ദാനം ചെയ്തത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയായി.
ആറുമാസം പ്രായമുള്ള കുഞ്ഞിലാണ് ആലിന്റെ കരൾ തുടിക്കുക. കിംസിലാണ് കുഞ്ഞിന്റെ കരൾമാറ്റിവെയ്ക്കൽ ശസ്ത്രക്രിയ. ഹൃദയവാൽവ് ശ്രീചിത്രാ ആശുപത്രിയ്ക്കും നേത്രപടലങ്ങൾ കൊച്ചി അമൃതാ ആശുപത്രിയ്ക്കും കൈമാറി. ആലിൻ ഷെറിന്റെ സംസ്‌കാരം നാളെ മല്ലപ്പള്ളിയിൽ നടക്കും.
പൊലീസും ജനങ്ങളും നന്നായി സഹായിച്ചതു കൊണ്ട് കുറഞ്ഞ സമയത്തിനുള്ളിൽ ആലിൻ ഷെറിന്റെ അവയവങ്ങളുമായി കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്താനായതായി ആംബുലൻസിന്റെ ഡ്രൈവറായ മാള സ്വദേശി ജയ്‌നീഷ് പറഞ്ഞു. യാത്രാമധ്യേ തടസ്സങ്ങളൊന്നുമില്ലാതെ ഇവിടെ എത്താനായതിന് ജയ്‌നീഷ് ഈശ്വരന് നന്ദി പറഞ്ഞു.
കൊച്ചിയിലെ അമൃത ആശുപത്രിയിൽ നിന്ന് ഇന്നലെ 7.13 ന് ആണ് ആംബുലൻസ് പുറപ്പെട്ടത്. കോട്ടയം വഴി എംസി റോഡിലൂടെയായിരുന്നു യാത്ര. ആംബുലൻസ് മൂന്നേകാൽ മണിക്കൂർ കൊണ്ടാണ് തിരുവനന്തപുരത്ത് എത്തിയത്.വഴിയിൽ പൊലീസ് വഴിയൊരുക്കി. മാധ്യമങ്ങളിലൂടെ വാർത്ത പ്രചരിച്ചതോടെ ജനങ്ങൾ സഹകരിച്ചു. ആദ്യം കിംസിലും പിന്നീട് മെഡിക്കൽ കോളജിലും പിന്നീട് ശ്രീചിത്രയിലും അവയവങ്ങൾ എത്തിച്ചു.
അവസാനലക്ഷ്യസ്ഥാനമായ ശ്രീചിത്രയിൽ എത്തിയപ്പോൾ യാത്ര കൃത്യം 3 മണിക്കൂർ 27 മിനിറ്റാണു പിന്നിട്ടത്. 213 കിലോമീറ്റർ ദൂരം പിന്നിടാൻ സാധാരണ ഗതിയിൽ അഞ്ചര മണിക്കൂറെങ്കിലും എടുക്കും. ഇടയ്ക്കെല്ലാം ഇത്തരം ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടി വരാറുണ്ടെന്ന് ജയ്‌നീഷ് പറഞ്ഞു.ആലിന്റെ കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലുള്ള 6 മാസം പ്രായമുള്ള കുഞ്ഞിനാണ് നൽകിയത്.
സംസ്ഥാനത്തു കരൾ സ്വീകരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞ ആളാകും ഈ കുഞ്ഞ്. ഇരുവൃക്കകളും മെഡിക്കൽ കോളജിലെ 10 വയസ്സുള്ള കുട്ടിക്ക് നൽകും. കുഞ്ഞുങ്ങളുടെ വൃക്കയ്ക്കു വലുപ്പം കുറവായതിനാലാണ് ഇരുവൃക്കകളും ഒരാളിനു തന്നെ നൽകുന്നത്. നേത്രപടലങ്ങൾ അമൃത ആശുപത്രിയിലെ നേത്ര ബാങ്കിനും ഹൃദയ വാൽവ് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനും കൈമാറി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
