കേരളത്തിലെ മുഴുവൻ ആരോഗ്യസ്ഥാപനങ്ങളും ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ വ്യവസ്ഥകള്‍ പാലിക്കണം ;ആരോഗ്യവകുപ്പ്

സേവനങ്ങൾക്കും ചികിത്സയ്ക്കും ബാധകമായ ഫീസ് നിരക്കുകൾ മലയാളത്തിലും ഇംഗ്ലീഷിലും റിസപ്ഷനിൽ പ്രദർശിപ്പിക്കണമെന്നും രാജൻ ഖോബ്രഗഡെ വ്യക്തമാക്കി.അതിലധികം നിരക്ക് ഈടാക്കരുത്

author-image
Devina
New Update
hospital

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും സേവനങ്ങളിൽ സുതാര്യത ഉറപ്പാക്കാനുമായി ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ വ്യവസ്ഥകൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. അത്യാഹിതവിഭാഗത്തിലെ രോഗിക്ക് പ്രാഥമിക ചികിത്സ നൽകേണ്ടത് സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണ്.

 മുൻകൂർ തുകയടച്ചില്ല, രേഖകളില്ല തുടങ്ങിയ കാരണങ്ങളാൽ ചികിത്സ നിഷേധിക്കരുതെന്ന് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ അറിയിച്ചു.കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെങ്കിൽ അതിന് യാത്രാസൗകര്യമൊരുക്കണം. ചികിത്സാ വിവരങ്ങളും കൈമാറണം.

ഡിസ്ചാർജ് ചെയ്താലുടൻ എല്ലാ ചികിത്സാ രേഖകളും റിപ്പോർട്ടുകളും നൽകണം. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് പൊതുജനങ്ങൾ കാണുന്ന രീതിയിൽ പ്രദർശിപ്പിക്കണം. സേവനങ്ങൾക്കും ചികിത്സയ്ക്കും ബാധകമായ ഫീസ് നിരക്കുകൾ മലയാളത്തിലും ഇംഗ്ലീഷിലും റിസപ്ഷനിൽ പ്രദർശിപ്പിക്കണമെന്നും രാജൻ ഖോബ്രഗഡെ വ്യക്തമാക്കി. അതിലധികം നിരക്ക് ഈടാക്കരുത്. സേവനങ്ങളിലെ അപര്യാപ്തത സംബന്ധിച്ച് ഉപഭോക്തൃതർക്ക പരിഹാര കമീഷനുകളിൽ പരാതിപ്പെടാം.

ഇൻഷുറൻസ്, ക്യാഷ് ലെസ് ചികിത്സകൾ, ക്ലെയിം തീർപ്പാക്കൽ നടപടിക്രമങ്ങൾ, എസ്റ്റിമേറ്റ്, ബില്ലിങ് നയം, ഡിസ്ചാർജ് നടപടിക്രമങ്ങൾ, ആംബുലൻസിന്റെയും മറ്റു യാത്രാസൗകര്യങ്ങളുടെയും നിരക്കുകൾ, എമർജൻസി കെയർ പ്രോട്ടോകോൾ, പരാതി പരിഹാര സംവിധാനം എന്നീ വിവരങ്ങൾ ലഘുലേഖ രൂപത്തിൽ രോഗിക്ക് നൽകുകയോ വെബ്സൈറ്റിൽ പ്രദർശിപ്പിക്കുകയോ വേണം. പരാതിപരിഹാര ഹെൽപ്പ് ലൈൻ നിർബന്ധമായും ഉണ്ടാകണമെന്നും നിബന്ധനയുണ്ട്.