/kalakaumudi/media/media_files/2025/11/24/tablet-2025-11-24-16-20-58.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്നു വിപണിയിൽ കോടികളുടെ തട്ടിപ്പ് നടക്കുന്നതായി ഡ്രഗ് കൺട്രോൾ വിഭാഗത്തിന്റെ കണ്ടെത്തൽ.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ അഞ്ച് ജില്ലകളിൽ മാത്രം നടത്തിയ പരിശോധനയിൽ 5.2 കോടി രൂപ വിലവരുന്ന ഗുണനിലവാരമില്ലാത്ത മരുന്നുകളാണ് പിടിച്ചെടുത്തത്.
വൈറൽ പനി, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കുള്ള പ്രധാന മരുന്നുകളിൽ ഉൾപ്പെടെയാണ് നിലവാരമില്ലാത്തവ കടന്നുകൂടിയിട്ടുള്ളതെന്ന് വിവരാവകാശ നിയമപ്രകാരം ഡ്രഗ് കൺട്രോൾ വിഭാഗം വെളിപ്പെടുത്തി.
വല്ലപ്പോഴുമുള്ള പരിശോധനയിൽ ഇത്രയും വലിയ തട്ടിപ്പ് പുറത്തുവന്ന സ്ഥിതിക്ക്, വിപണിയിൽ ഇതിന്റെ എത്രയോ മടങ്ങ് നിലവാരമില്ലാത്ത മരുന്നുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന ആശങ്ക ശക്തമാണ്.
കെഎംഎസ്‌സി മരുന്നുകളും നിലവാരമില്ലാത്തവസംസ്ഥാന സർക്കാരിന്റെ സ്ഥാപനമായ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (KMSC) 2024-ൽ പാലക്കാട് ജില്ലയിൽ വിതരണം ചെയ്ത 4.39 കോടി രൂപയുടെ മരുന്നുകൾ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി.
പ്രമേഹം, തലകറക്കം, വെർട്ടിഗോ തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകളാണ് പിടിച്ചെടുത്തത്.
പ്രമുഖ മരുന്നു കമ്പനികളുടെ പേരിൽത്തന്നെ വ്യാജ മരുന്നുകൾ വിപണിയിൽ എത്തുന്നുണ്ട്.
കോട്ടയത്ത് മാത്രം 67 ഇനം മരുന്നുകളാണ് ഗുണനിലവാരമില്ലാത്തവയായി കണ്ടെത്തി തടഞ്ഞത്.
പ്രമുഖ കമ്പനിയുടെ പേരിൽ ഇറങ്ങിയ വൈറൽ പനിക്കുള്ള വ്യാജ ഗുളികകൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻകര കോടതിയിൽ കേസ് നടക്കുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
