കൈക്കൂലി ആരോപണം; നവീന്‍ ബാബുവിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്

മൊഴിക്കപ്പുറം തെളിവ് ഹാജരാക്കാന്‍ പരാതിക്കാരനായ പ്രശാന്തന് കഴിഞ്ഞില്ല. കോഴിക്കോട് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പിയാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്.

author-image
Prana
New Update
dc

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന് കൈക്കൂലി കൊടുത്തതിന് തെളിവില്ലെന്ന് വിജിലന്‍സ്. കൈക്കൂലി നല്‍കിയെന്ന പ്രശാന്തന്റെ ആരോപണം സാധൂകരിക്കുന്ന ഒരു തെളിവും അന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സാഹചര്യത്തെളിവുകളോ ഡിജിറ്റല്‍ തെളിവുകളോ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് അടുത്തയാഴ്ച സമര്‍പ്പിക്കും.
മൊഴിക്കപ്പുറം തെളിവ് ഹാജരാക്കാന്‍ പരാതിക്കാരനായ പ്രശാന്തന് കഴിഞ്ഞില്ല. കോഴിക്കോട് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പിയാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതേയുള്ളൂ എന്ന് വിജിലന്‍സ് വ്യക്തമാക്കി.
എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് നേരത്തെ റവന്യൂ വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ലെന്നും റവന്യു വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞുവെന്ന കളക്ടറുടെ മൊഴിയും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ എന്ത് ഉദ്ദേശിച്ചാണ് ഇത് പറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നില്ല. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് റവന്യൂ മന്ത്രി കെ രാജനാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. തനിക്ക് മുന്നില്‍ വരുന്ന ഫയലുകള്‍ വൈകിപ്പിച്ചിരുന്ന ആളല്ല നവീന്‍ ബാബുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്രമവിരുദ്ധമായി നവീന്‍ ബാബു ഒന്നും ചെയ്തിട്ടില്ല. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവ് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നായിരുന്നു പ്രശാന്തന്റെ ആരോപണം. ശ്രീകണ്ഠപുരം നെടുവാലൂരില്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ പെട്രോള്‍പമ്പ് തുടങ്ങാനാണ് പ്രശാന്തന്‍ അപേക്ഷ സമര്‍പ്പിച്ചത്. എന്‍ഒസി ലഭിക്കണമെങ്കില്‍ കൈക്കൂലി നല്‍കണമെന്ന് നവീന്‍ ബാബു ആവശ്യപ്പെട്ടതായാണ് ആരോപണം. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു പ്രശാന്തന്‍.
ഒരു ലക്ഷം രൂപ നവീന്‍ ആവശ്യപ്പെട്ടെങ്കിലും പലയിടത്തുനിന്നായി സംഘടിപ്പിച്ച 98,500 രൂപ താന്‍ കൊടുത്തെന്ന് പ്രശാന്തന്‍ പറഞ്ഞിരുന്നു. 
എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലെത്തി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യ നടത്തിയ പ്രസംഗമാണ് നവീന്‍ ബാബുവിന്റെ മരണത്തിലേയ്ക്ക് നയിച്ചതെന്നാണ് പരാതി.

adm naveen babu bribery allegation vigilance