/kalakaumudi/media/media_files/4Xz6D6XH3WCYF1WrEADJ.jpg)
വയനാടിന് പ്രത്യേക പ്രഖ്യാപനങ്ങളൊന്നുമില്ലാതെ ചര്‍ച്ച പൂര്‍ത്തിയാക്കി ദുരന്ത നിവാരണ നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസാക്കി. പ്രത്യേക പാക്കേജ് സംബന്ധിച്ചോ, അതി തീവ്ര ദുരന്ത പ്രഖ്യാപനം സംബന്ധിച്ചോ യാതൊരു സൂചനയും നല്‍കാതെ ആഭ്യന്തര സഹമന്ത്രി ലോക് സഭയില്‍ മറുപടി നല്‍കി. വയനാടിനായി പരമാവധി ഇടപെടലുകള്‍ കേന്ദ്രം നടത്തിയിട്ടുണ്ടെന്നും, എസ്ഡിആര്‍എഫില്‍ നിന്നും എന്‍ഡിആര്‍എഫില്‍ നിന്നും ദുരിതാശ്വാസ സഹായം നല്‍കി കഴിഞ്ഞെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് വ്യക്തമാക്കി.
രണ്ട് ഘട്ടങ്ങളിലായി എസ്ഡിആര്‍എഫിലേക്ക് നല്‍കിയ വിഹിതം, എന്‍ഡിആര്‍എഫില്‍ നിന്നനുവദിച്ച തുക, കേരളത്തിന് അനുവദിച്ച തുക വയനാടിന് കൂടിയുള്ളതാണെന്നാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ദുരന്ത നിവാരണ നിയമ ഭേദഗതി ബില്ലിന്റെ ചര്‍ച്ചക്കുള്ള മറുപടിയില്‍ വ്യക്തമാക്കിയത്. ശശി തരൂര്‍ എംപി ചര്‍ച്ചയുടെ തുടക്കത്തില്‍ ഉന്നയിച്ച വിമര്‍ശനങ്ങളുടെ ചുവട് പിടിച്ചു മാത്രമായിരുന്നു നിത്യാനന്ദ റായ്യുടെ പ്രസംഗം. ദുരന്തമുണ്ടായതിന് പിന്നാലെ മുതല്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത്ഷായും ഇടപെട്ടു. വ്യോമസേനയുടേതടക്കം സംഘത്തെ രക്ഷാപ്രവര്‍ത്തനത്തിനായി അയച്ചു. പ്രധാനമന്ത്രി നേരിട്ട് സന്ദര്‍ശനം നടത്തി. കേന്ദ്രസംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ സ്വീകരിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലം മുതലേ ദേശീയ ദുരന്തമെന്ന പ്രഖ്യാപനം ഇല്ലെന്നും, ജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷം വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. ഇതോടെ വയനാടിന് പ്രഖ്യാപനങ്ങളില്ലാത്തതിനെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചു. പ്രതിഷേധിച്ച് സഭ വിടുകയും ചെയ്തു.
ചര്‍ച്ചക്ക് അമിത് ഷാ മറുപടി നല്‍കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ചുരുക്കത്തില്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തിലെയും, ആഭ്യന്തരമന്ത്രാലയം ഇറക്കിയ വാര്‍ത്താകുറിപ്പുകളിലെ ഉള്ളടക്കത്തിലെയും വിശദാംശങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് മന്ത്രി ചെയ്തത്. തുടര്‍ന്നങ്ങോട്ടുള്ള ഒരു നടപടിയും വിശദീകരിക്കാതെ ദുരന്ത നിവാരണ ഭേദഗതി ബില്‍ പാസാക്കി സഭ പിരിയുകയും ചെയ്തു.