മഹാശിവരാത്രി ആഘോഷങ്ങൾക്കായി ആലുവ മണപ്പുറം ഒരുങ്ങി; അദ്വൈതാശ്രമത്തിലും ബലിതര്‍പ്പണം ഒരുക്കും

മണപ്പുറത്ത് എത്തുന്ന ഭക്തജനങ്ങൾക്കു ദേവസ്വം ബോർഡ് 2 കോടി രൂപയുടെയും നഗരസഭ ഒരു കോടി രൂപയുടെയും അപകട ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി.ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരമാണ് ശിവരാത്രി ആഘോഷം

author-image
Devina
New Update
aluva temple

കൊച്ചി: മഹാശിവരാത്രി ആഘോഷത്തിന് ആലുവ മണപ്പുറം ഒരുങ്ങി. പിതൃകർമങ്ങൾക്കായി ജനലക്ഷങ്ങളാണ് പെരിയാറിന്റെ കരയിലേക്ക് ഒഴുകിയെത്തുക. നാളെ ആണ് മഹാശിവരാത്രി. ഇത്തവണ ശിവരാത്രി ഞായറാഴ്ചയായതിനാൽ വലിയ തിരക്കാണ് മണപ്പുറത്ത് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച അർധരാത്രിക്ക് ശേഷമാണ് ബലിതർപ്പണം ഔദ്യോഗികമായി ആരംഭിക്കുക. 116 ബലിത്തറകളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇതിനായി ലേലം ചെയ്ത് നൽകുന്നത്.ഇക്കൊല്ലം മൂന്നു ദിവസം ബലിതർപ്പണത്തിന് തിരക്ക് ഉണ്ടാകുമെന്നു കരുതുന്നു. ഇന്ന് അർധരാത്രിയോടെ ശിവരാത്രി ആരംഭിക്കുന്നതിനാൽ ഞായറാഴ്ച രാവിലെ മുതൽ തിങ്കളാഴ്ച ഉച്ചവരെ ശിവരാത്രി ബലിയിടാമെന്നു മണപ്പുറം മഹാദേവ ക്ഷേത്രം മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരി പറഞ്ഞു. ചൊവ്വാഴ്ച കുംഭത്തിലെ അമാവാസിയായതിനാൽ അന്നു വാവുബലി തർപ്പണവും നടത്താം.

നാളെ അർധരാത്രി ശിവരാത്രി വിളക്കും എഴുന്നള്ളിപ്പും കഴിഞ്ഞാണ് മണപ്പുറത്ത് ഔപചാരികമായി ബലിതർപ്പണം തുടങ്ങുക. പുഴയോരത്തെ ബലിത്തറകളിൽ പുരോഹിതന്മാരുടെ നേതൃത്വത്തിൽ അതിനു മുൻപേ പിതൃകർമങ്ങൾ ആരംഭിക്കും. ശിവരാത്രിയോട് അനുബന്ധിച്ച് നാളെ വൈകീട്ടു 4 മുതൽ തിങ്കളാഴ്ച പകൽ 2 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. ഭക്തജനങ്ങളുടെ സുരക്ഷയ്ക്ക് 1500 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു.

മണപ്പുറത്ത് എത്തുന്ന ഭക്തജനങ്ങൾക്കു ദേവസ്വം ബോർഡ് 2 കോടി രൂപയുടെയും നഗരസഭ ഒരു കോടി രൂപയുടെയും അപകട ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി. ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരമാണ് ശിവരാത്രി ആഘോഷം. രാത്രി ഉറക്കമൊഴിയുന്നവർക്ക് അന്നദാനം നൽകും. ബലിതർപ്പണത്തിനു 100 രൂപയാണ് ദേവസ്വം ബോർഡിന്റെ നിരക്ക്. മണപ്പുറത്തേക്കു കെഎസ്ആർടിസി 210 സ്‌പെഷൽ ബസ് സർവീസ് നടത്തും. രാത്രി കൊച്ചി മെട്രോയുടെയും ദക്ഷിണ റെയിൽവേയുടെയും സ്‌പെഷൽ ട്രെയിൻ സർവീസും ഉണ്ടാകും.

ബോർഡിനോടൊപ്പം ആലുവ നഗരസഭയും മറ്റ് സർക്കാർ വകുപ്പുകളും ഒത്തുചേർന്നാണ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്. ശിവരാത്രിനാളിൽ മണപ്പുറത്തെ മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക പൂജകളും ഉണ്ടാകും. ആലുവ നഗരത്തിൽനിന്ന് ശിവരാത്രി നടപ്പാലം വഴി മണപ്പുറത്തേക്ക് വരുന്ന ഭക്തരെ വലതുഭാഗത്ത് കൂടി പ്രവേശിപ്പിക്കും. മണപ്പുറത്ത് നിന്ന് ഇടതുഭാഗത്ത് കൂടി നടപ്പാലത്തിലേക്ക് തിരികെ വിടും.സുരക്ഷയ്ക്കായി 1500 പൊലീസ് ഉദ്യോഗസ്ഥരെയാണ് മണപ്പുറത്തും ആലുവയിലും വിന്യസിക്കുക. പ്രത്യേക പൊലീസ് സ്റ്റേഷനും പരിശോധനയ്ക്കായി വാച്ച് ടവറുകളും സ്‌ക്വാഡുകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം എയ്ഡ് പോസ്റ്റുകൾ, സിസിടിവി, വാച്ച് ടവർ, മഫ്തി പൊലീസ്, സ്‌കൂബ ടീം, പട്രോളിങ്, ആംബുലൻസ് സേവനം, കുടിവെള്ളം എന്നിവയും ഉണ്ടാകും. അഗ്‌നിരക്ഷാ സേനയും സംവിധാനങ്ങളുമായി മണപ്പുറത്ത് ക്യാമ്പ് ചെയ്യും. ബലിതർപ്പണം നടക്കുന്ന കടവുകളിൽ സുരക്ഷാ ബാരിക്കേഡുകൾ തീർത്തു. പെരിയാറിന് അക്കരെ ശ്രീനാരായണഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിലും ബലിതർപ്പണം നടക്കും. ആലുവ നഗരസഭയുടെ നേതൃത്വത്തിൽ ഒരുക്കുന്ന ഒരു മാസക്കാലം നീളുന്ന വ്യാപാരമേളക്കും ശിവരാത്രി നാളിൽ തുടക്കമാകും.