ഗവര്‍ണറുമായുള്ള തര്‍ക്കങ്ങള്‍ക്കിടയിൽ മുഖ്യമന്ത്രി ഇന്ന് രാജ്‍ഭവനിൽ; ശശി തരൂരിനൊപ്പം 'രാജ്ഹംസി'ന്‍റെ പ്രകാശനം നിര്‍വഹിക്കും

ഗവർണറുമായുള്ള തർക്കങ്ങൾക്കിടയിൽ മഞ്ഞുരുക്കിക്കൊണ്ട് മുഖ്യമന്ത്രി ഇന്ന് രാജ് ഭവനിലെത്തും. രാജഭവൻ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ രാജ്ഹംസിന്‍റെ പ്രകാശനം ശശി തരൂര്‍ എംപിക്ക് നൽകി മുഖ്യമന്ത്രി നിര്‍വഹിക്കും

author-image
Devina
New Update
arlekarr

തിരുവനന്തപുരം: ഗവർണറുമായുള്ള തർക്കങ്ങൾക്കിടയിൽ മഞ്ഞുരുക്കിക്കൊണ്ട് മുഖ്യമന്ത്രി ഇന്ന് രാജ് ഭവനിൽ എത്തും.

 രാജഭവൻ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ രാജ്ഹംസിന്‍റെ പ്രകാശന ചടങ്ങിനാണ് മുഖ്യമന്ത്രി എത്തുന്നത്.

 ശശിതരൂർ എംപിക്ക് നൽകിയാണ് മാസികയുടെ പ്രകാശനം നിർവഹിക്കുന്നത്. ചടങ്ങിൽ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കില്ലെന്ന് രാജ്ഭവൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

രാജ്ഭവനിലെ ചടങ്ങുകൾക്ക് ഭാരതാംബയുടെ ചിത്രം ഉപയോഗിക്കുന്നതിനെച്ചൊല്ലി വൻ വിവാദമാണ് ഉണ്ടായിരുന്നത്.

 ചിത്രം ഉപയോഗിച്ചതിന് പിന്നാലെ മന്ത്രി വി ശിവൻകുട്ടി ഒരു പരിപാടിയിൽ നിന്ന് ഇറങ്ങി പോയിരുന്നു.

 മന്ത്രി പി പ്രസാദ് പരിപാടി ബഹിഷ്കരിച്ചിരുന്നു.

 ഭാരതാംബയുടെ ചിത്രം വെയ്ക്കാനുള്ള തീരുമാനം തിരുത്തില്ലെന്നായിരുന്നു ആദ്യം ഗവർണറുടെ തീരുമാനം.

പക്ഷെ ഇന്നത്തെ പരിപാടിയിൽ ചിത്രം ഉണ്ടാവില്ല. പ്രതിപക്ഷ നേതാവിനെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കാനുള്ള സാധ്യത കുറവാണ്.