കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടനും താരസംഘടന അമ്മയുടെ വൈസ് പ്രസിഡന്റുമായ ജയൻ ചേർത്തല.റിപ്പോർട്ടിൽ അമ്മ സംഘടന നേരത്തെ പ്രതികരിക്കേണ്ടതായിരുന്നെന്ന് പറഞ്ഞ ജയൻ പ്രതികരണം വൈകുന്നതിൽ അമ്മയിൽ ഭിന്നതയുണ്ടെന്നും വ്യക്തമാക്കി.റിപ്പോർട്ടിൽ പറയുന്നതുപോലെ സംഭവിച്ചിട്ടുണ്ടെങ്കിൽ വേട്ടക്കാർക്കൊപ്പമല്ല ഇരകൾക്കൊപ്പമാണ് തങ്ങളെന്നും ജയൻ പറഞ്ഞു. അമ്മ നേരത്തെ പ്രതികരിക്കേണ്ടതായിരുന്നു എന്ന് വിശ്വക്കുന്നയാളാണ് താനെന്നു പറഞ്ഞ അദ്ദേഹം സാങ്കേതിക വിഷയമായിരുന്നു തടസ്സമെന്നും വിശദീകരിച്ചു.
എക്സിക്യൂട്ടീവ് കമ്മിറ്റി കൂടി വനിതാ അംഗങ്ങളുടെ കൂടെ അഭിപ്രായം കേട്ട് പ്രതികരിക്കാമെന്നാണ് അമ്മ തീരുമാനിച്ചത്.എന്നാൽ അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേർന്ന് മാസങ്ങൾക്ക് മുമ്പ് ഒരു ചാനലുമായി ഷോ എഗ്രിമെന്റ് വെച്ചിരുന്നു. ഇതിന്റെ ഭാഗമായി 17-ാം തിയ്യതി മുതൽ ഹോട്ടലിൽ റിഹേഴ്സൽ ക്യാമ്പ് നടക്കുകയാണ്. ഈ സമയത്ത് ഫോണുൾപ്പെടെ കണക്റ്റിവിറ്റി ഇല്ലാത്ത സമയത്താണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത് അറിയുന്നത്.ഇത് കാരമുണ്ടായ സാങ്കേതിക വിഷയം കൊണ്ടാണ് പ്രതികരണം വൈകിയതെതെന്നും ജയൻ പറഞ്ഞു.
റിപ്പോർട്ടിനെ കുറിച്ച് കൃത്യമായി അറിയാത്തത് മൂലമാണ് സെക്രട്ടറിയും പ്രസിഡന്റും പിന്നീട് പ്രതികരിക്കാമെന്ന് അറിയിച്ചതെന്നും ജയൻ ചേർത്തല വ്യക്തമാക്കി.ഞാൻ അമ്മയുടെ ഔദ്യോഗിക വക്താവല്ല. സാമൂഹ്യ പ്രവർത്തകൻ എന്ന നിലയിലും സിനിമാ പ്രവർത്തകൻ എന്ന നിലയിലും പ്രതികരിക്കാൻ വൈകിയത് തെറ്റാണെന്ന അഭിപ്രായക്കാരനാണ് താനെന്നും ജയൻ ചേർത്തല പറഞ്ഞു.ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനായി ഉടൻ തന്നെ അമ്മ എക്സിക്യൂട്ടീവ് യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.