അമ്മ ഓഫിസ് ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക്!

20,000 ചതുരശ്ര അടിയിലുള്ള കെട്ടിടത്തിൽ പത്ത് വാഷ്‌റൂമുണ്ടെന്നും റെഡി ടു മൂവ് ആണ് എന്നും നൽകിയിട്ടുണ്ട്. മുട്ടലുകൾ കാരണം കതകുകൾക്ക് ബലക്കുറവുണ്ടെന്നും മൂന്ന്-നാല് ദിവസങ്ങൾക്കകം വിൽപന പൂർത്തീകരിക്കണമെന്നും നൽകിയിട്ടുണ്ട്

author-image
Prana
New Update
amma
Listen to this article
0.75x 1x 1.5x
00:00 / 00:00

അമ്മയുടെ ആസ്ഥാന ഓഫിസ് ഓൺലൈൻ വിൽപന സൈറ്റായ ഒ.എൽ‌.എക്‌സിൽ ഏതോ വിരുതന്മാർ വിൽപനക്ക്  വച്ചത് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി. അതും വെറും 20,000 രൂപക്ക്. ഉടൻ വിൽപനക്ക് എന്ന കുറിപ്പോടെയാണ് ഇടപ്പള്ളിയിലുള്ള അമ്മ ഓഫിസിന്റെ ചിത്രങ്ങൾ ഒ.എൽ.എക്സിൽ പോസ്‌റ്റ് ചെയ്‌തത്. 20,000 ചതുരശ്ര അടിയിലുള്ള കെട്ടിടത്തിൽ പത്ത് വാഷ്‌റൂമുണ്ടെന്നും റെഡി ടു മൂവ് ആണ് എന്നും നൽകിയിട്ടുണ്ട്. മുട്ടലുകൾ കാരണം കതകുകൾക്ക് ബലക്കുറവുണ്ടെന്നും മൂന്ന്-നാല് ദിവസങ്ങൾക്കകം വിൽപന പൂർത്തീകരിക്കണമെന്നും നൽകിയിട്ടുണ്ട്.ഒരു മാസത്തെ മെയിന്‍റനൻസ് ചെലവായി ഒന്നര ലക്ഷം രൂപയാണ് കാണിച്ചിരിക്കുന്നത്. എന്നാൽ ആരാണ് പരസ്യം നൽകിയതെന്ന് വ്യക്തമല്ല. യുവനടിയുടെ ആരോപണത്തിനു പിന്നാലെ അമ്മ ജനറൽ സെക്രട്ടറിയായ നടൻ സിദ്ദീഖ് രാജിവെച്ചതിനു പിന്നാലെയാണ് സംഘടനയിൽ കൂട്ടരാജി. പ്രസിഡന്‍റ് മോഹൻലാലും ഭരണസമിതി അംഗങ്ങളും പിന്നാലെ രാജിവെച്ചു. രണ്ടുമാസത്തിനകം പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുമെന്നും അറിയിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമ മേഖലയെ ഒന്നടങ്കം പിടിച്ചുകുലുക്കിയിരിക്കുകയാണ്. സിനിമയിലെ പ്രമുഖർ ഉൾപ്പെടെയുള്ളവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നിരവധി സ്ത്രീകളാണ് രംഗത്തുവന്നത്.

ഭാരവാഹികൾ ഉൾപ്പെടെയുള്ളവർക്കെതിരെ ആരോപണങ്ങൾ നീണ്ടതോടെ താരസംഘടനയായ ‘അമ്മ’യിലുള്ളവർക്ക് കൂട്ടമായി രാജിവെക്കേണ്ടിവന്നു. ഭാരവാഹികളെയും അമ്മ സംഘടനയെയും പരിഹസിക്കുന്ന ട്രോളുകൾ സമൂഹമാധ്യമങ്ങളിലും നിറഞ്ഞു. അമ്മ ഓഫിസിന് മുമ്പില്‍ റീത്ത് വെച്ചുള്ള ലോ കോളജ് വിദ്യാര്‍ഥികളുടെ പ്രതിഷേധവും വലിയ ജനശ്രദ്ധ നേടി. ഇതിനിടെയാണ് അമ്മയുടെ ആസ്ഥാന ഓഫിസ് ഓൺലൈൻ വിൽപന സൈറ്റായ ഒ.എൽ‌.എക്‌സിൽ ഏതോ വിരുതന്മാർ വിൽപനക്ക് വെച്ചിരിക്കുന്നത്!.

അതേസമയം, നടിമാർക്കെതിരേയുള്ള അതിക്രമംതടയാൻ പ്രത്യേകസമിതി രൂപവത്കരിക്കാൻ തമിഴ് താര സംഘടനയായ നടികർ സംഘം. പത്തുപേരടങ്ങുന്ന സമിതി രൂപവത്കരിക്കാൻ നടപടി ആരംഭിച്ചുവെന്നും അധികംവൈകാതെ ഇത് നിലവിൽവരുമെന്നും നടികർ സംഘം ജനറൽ സെക്രട്ടറി വിശാൽ അറിയിച്ചു. സംഘടന നടന്മാർക്കുവേണ്ടി മാത്രമുള്ളതല്ലെന്നും നടിമാരെസംരക്ഷിക്കാൻ വേണ്ടിയുള്ളതാണെന്നും വിശാൽ പറഞ്ഞു.

കേരളത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനെത്തുടർന്ന് മുൻനിരനടന്മാർക്ക് നേരെ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് സമിതി രൂപവത്കരിക്കാൻ നടികർസംഘം തീരുമാനിച്ചത്. സമിതിയിലെ അംഗങ്ങൾ, പ്രവർത്തനരീതി തുടങ്ങിയവയിൽ അന്തിമതീരുമാനമായിട്ടില്ല. തമിഴ് സിനിമയിലും അവസരങ്ങൾക്കായി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടാകാമെന്നും എന്നാൽ ഇതുവരെ സംഘടനയ്ക്ക് ഇത്തരത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നും വിശാൽ പറഞ്ഞു.

amma association Amma amma film association