കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; 12 കാരന്റെ ആരോഗ്യനില ഗുരുതരം

രണ്ട് മാസത്തിനിടെ മൂന്ന് പേര്‍ക്കാണ് സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്.

author-image
anumol ps
New Update
amoebic

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

കോഴിക്കോട്: കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. ഫാറൂഖ് കോളജിനടുത്ത് ഇരുമൂളിപ്പറമ്പ് സ്വദേശിയായ 12 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഛര്‍ദിയും തലവേദനയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്്യനില അതീവ ഗുരുതരമായി തുടരുകയാണ്. 

രോഗലക്ഷണങ്ങളുമായി കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫാറൂഖ് കോളജിടുത്ത് അച്ചംകുളത്തില്‍ കുട്ടി കുളിച്ചിരുന്നു. ഇതാവാം രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുളത്തില്‍ കുളിച്ച് ആറു ദിവസം കഴിഞ്ഞാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്. ഈ കുളത്തില്‍ കുളിച്ചവരെല്ലാം നിലവില്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. 

രണ്ട് മാസത്തിനിടെ മൂന്ന് പേര്‍ക്കാണ് സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്. അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഈ മാസം 12 ന് കണ്ണൂര്‍ സ്വദേശിയായ 13 വയസ്സുകാരിയും കഴിഞ്ഞ മാസം മലപ്പുറം മുന്നിയൂര്‍ സ്വദേശിയായ അഞ്ച് വയസുകാരിയും മരിച്ചിരുന്നു.

രോഗം റിപ്പോര്‍ട്ട് ചെയ്ത കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌കജ്വരം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്.

രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവുന്നു. നട്ടെല്ലില്‍ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിര്‍ണയം നടത്തുന്നത്.

 

 

amoebic meningoencephalitis