/kalakaumudi/media/media_files/2025/11/01/idukki-2025-11-01-18-19-06.jpg)
ഇടുക്കി: കരുണാപുരത്ത് സഹോദരപുത്രനെ ആസിഡൊഴിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വയോധിക ചികിത്സയിലിരിക്കെ മരിച്ചു. ഏറ്റുമാനൂര്‍ കാട്ടാച്ചിറ കുറ്റിയാനിയില്‍ തങ്കമ്മ(84)യാണ് മരിച്ചത്. സഹോദരപുത്രനായ സുകുമാരനെ(64)യാണ് തങ്കമ്മ ആസിഡൊഴിച്ച് കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ 24-നായിരുന്നു സംഭവം.
സുകുമാരനെ ആസിഡ് ഒഴിച്ച് ആക്രമിക്കുന്നതിനിടെ തങ്കമ്മയ്ക്കും പൊള്ളലേറ്റിരുന്നു. തുടര്‍ന്ന് ഇവരെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ശനിയാഴ്ച മരണം സംഭവിക്കുകയായിരുന്നു.
സുകുമാരനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് തങ്കമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇവര്‍ പോലീസിനോട് കുറ്റംസമ്മതിക്കുകയുംചെയ്തു. എന്നാല്‍, പരിക്ക് ഗുരുതരമായതിനാല്‍ തങ്കമ്മ ചികിത്സയില്‍ തുടരുകയായിരുന്നു.
സുകുമാരനെ ആക്രമിക്കുന്നതിന്റെ രണ്ടാഴ്ച മുന്‍പാണ് തങ്കമ്മ സുകുമാരന്റെ വീട്ടില്‍ താമസിക്കാനെത്തിയത്. തങ്കമ്മയുടെ സ്വര്‍ണാഭരണം പണയം വെച്ചതിനെച്ചൊല്ലി മുമ്പ് ഇരുവരും തമ്മില്‍ തര്‍ക്കവും കേസും ഉണ്ടായിരുന്നു. എന്നാല്‍, പിന്നീട് രമ്യതയിലായി. തുടര്‍ന്നാണ് തങ്കമ്മ സുകുമാരനൊപ്പം താമസിക്കാനെത്തിയത്.
എന്നാല്‍, ഒക്ടോബര്‍ 24-ന് വൈകീട്ട് തങ്കമ്മ സുകുമാരന്റെ ദേഹത്ത് ആസിഡൊഴിക്കുകയായിരുന്നു. ദേഹത്ത് ആസിഡ് വീണ സുകുമാരന്‍ സഹോദരനെ വിളിച്ച് അറിയിക്കുകയായിരുന്നു. സഹോദരന്‍ എത്തി ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ സുകുമാരനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
