കൊച്ചി: മുനമ്പം വഖഫ് ഭൂമി പ്രശ്നത്തില്‍ പരാതിക്കാര്‍ക്ക് ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാമെന്ന് ജസ്റ്റിസ് രാമചന്ദ്രന് നായര്‍ കമ്മിഷന്. ജുഡീഷ്യല്‍ കമ്മീഷന്റെ കാക്കനാട്ടെ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ പരാതികളറിയിക്കാം.
1 ബി, ഭവാനി, കുന്നുംപുറം, കാക്കനാട്, പിന്682030 എന്ന വിലാസത്തിലാണ് പരാതികള്‍ അറിയിക്കേണ്ടത്. സര്‍ക്കാര്‍ പ്രവൃത്തിദിനങ്ങളില്‍ കാക്കനാട് ഓഫീസില്‍ രാവിലെ പത്തുമുതല്‍ വൈകുന്നേരം അഞ്ചുവരെ നേരിട്ടും പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാമെന്നും കമ്മീഷന് അറിയിച്ചു.
മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ജുഡിഷ്യല്‍ കമ്മീഷൻ വിവര ശേഖരണത്തിനായി ഉദ്യോഗസ്ഥ സംഘത്തെ നിയമിച്ചത് കഴിഞ്ഞ ദിവസമാണ്.ഈ മാസം 17നകമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. കൊച്ചി താലൂക്ക് ജൂനിയര്‍ സൂപ്രണ്ടന്റ് ജോസഫ് ആന്റണി ഹെര്‍ട്ടിസാണ് നോഡല്‍ ഓഫീസര്‍.
കഴിഞ്ഞ ആഴ്ചയാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. മൂന്നുമാസത്തിനുള്ളില്‍ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.കമ്മീഷന് ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരമാണ് വിജ്ഞാപനം.
രാജഭരണമുണ്ടായിരുന്ന ഭൂമിയുടെ നിലവിലെ അവസ്ഥ കണ്ടെത്തുക. താമസക്കാരുടെ അവകാശങ്ങള്‍ എങ്ങനെ സംരക്ഷിക്കാംതുടങ്ങി സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്നിവയാണ് കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍.