മലപ്പുറം : നിലമ്പൂരില്‍ പന്നിക്കുവെച്ച വൈദ്യുതി കെണിയില്‍നിന്ന് ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ മൃതദേഹം വീട്ടില്‍ സംസ്‌കരിച്ചു.മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്.അനന്തു പഠിച്ച സ്‌കൂളായ സികെഎം എച്ച്എസ്എസ് മണിമൂലി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്.അനന്തുവിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് നാട്.പെരുന്നാള് അഴധിക്ക് കൂട്ടുകാരുമൊത്ത് ഫുട് ബോള്‍ കളിക്കാന്‍ പോയി തിരിച്ചു വരുന്നതിനിടയിലാണ് വെളളക്കട്ടയിലെ തോട്ടില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയത്.പന്നിക്ക് വെച്ച കെണിയില്‍ തട്ടി അനന്തുവിന് ഷോക്കേല്‍ക്കുകയായിരുന്നു.അനന്തുവിനൊപ്പം പരിക്കേറ്റ യദു,ഷാനു എന്നിവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട് വിനീഷ് , കുഞ്ഞുമുഹമ്മദ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പന്നിയെ പിടിക്കാനാണ് കെണിവെച്ചതെന്നും പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.ഇരുവരും സ്ഥിരം കുറ്റവാളികളാണെന്നും നാട്ടുകാരും പറയുന്നു.