/kalakaumudi/media/media_files/2025/11/16/blo-2025-11-16-13-53-01.jpg)
കണ്ണൂര്‍: പയ്യന്നൂര്‍ ഏറ്റുകുടുക്കയിലെ ബൂത്ത് ലെവല്‍ ഓഫീസര്‍ അനീഷ് ജോര്‍ജിന്റെ സംസ്‌കാരം ഇന്ന് നടക്കും. വൈകീട്ട് മൂന്നിന് പള്ളിമുക്ക് ലൂര്‍ദ് മാതാ പള്ളിയിലാണ് സംസ്‌കാരം. എസ് ഐ ആര്‍ പ്രവര്‍ത്തനങ്ങളിലെ സമ്മര്‍ദമാണ് അനീഷിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി.അനീഷ് ജോര്‍ജിന്റെ ആത്മഹത്യയില്‍ സംസ്ഥാനത്തെ ബിഎല്‍ഒമാര്‍ ഇന്ന് ജോലി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കും. എന്‍ജിഒ യൂണിയനും ജോയിന്റ് കൗണ്‍സിലും അധ്യാപക സംഘടനകളും പ്രതിഷേധത്തിനിറങ്ങും. ചീഫ് ഇലക്ട്രല്‍ ഓഫീസിലേക്കും കലക്ട്രേറ്റുകളിലേക്കും ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും.
അതേസമയം, സിപിഎം പ്രവര്‍ത്തകരുടെ ഭീഷണി അനീഷിന് ഉണ്ടായിരുന്നതായി കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ജില്ല കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
എസ്ഐആറുമായി ബന്ധപ്പെട്ട ജോലികളും ബിഎല്‍ഒയുടെ മരണവും തമ്മില്‍ വ്യക്തമായ ബന്ധമില്ലെന്ന് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന്‍ പറഞ്ഞു. എസ്‌ഐആറുമായി ബന്ധപ്പെട്ട് അനീഷ് ജോര്‍ജിന് സമ്മര്‍ദ്ദം ഉണ്ടാക്കിയിട്ടില്ല, സംഭവ ദിവസമോ അതിനു മുമ്പോ ഒരു ഉദ്യോഗസ്ഥനും സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നും, ഭീഷണിപ്പെടുത്തുന്ന സ്വഭാവമുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്നും കലക്ടര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. പൊലീസ് അന്വേഷണം തുടരുന്നതായും കലക്ടര്‍ വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
