/kalakaumudi/media/media_files/2025/10/23/prisonnnn-2025-10-23-14-26-17.jpg)
തിരുവനന്തപുരം: അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ചരിത്ര നേട്ടമാകാൻ കോട്ടയം സർക്കാർ മെഡിക്കൽ കോളജ്. ഇന്ത്യയിൽ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങൾ മാറ്റിവയ്ക്കുന്ന സർക്കാർ ആശുപത്രിയാകാനാണ് കോട്ടയം മെഡിക്കൽ കോളജ് ഒരുങ്ങുന്നത്.
കോട്ടയം മെഡിക്കൽ കോളജിൽ മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം പൂഴനാട് കാവിൻപുറത്ത് വീട്ടിൽ എ.ആർ. അനീഷിന്റെ (38) അവയവങ്ങളാണ് ദാനം ചെയ്തത്.
തീവ്രദുഃഖത്തിലും അവയവം ദാനം ചെയ്യാൻ സന്നദ്ധരായ ബന്ധുക്കളെ മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും നന്ദി അറിയിക്കുകയും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു
. അനീഷിന്റെ വിയോഗത്തിന്റെ വേദനയിലും അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത കാണിച്ച കുടുംബാംഗങ്ങൾ മാനവികതയുടെ വലിയൊരു മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത്. അനീഷിന് ആദരാഞ്ജലികൾ.
കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു എന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിൽ കുറിച്ചു.
ഒക്ടോബർ 17ന് ശബരിമലയിൽ ദർശനം കഴിഞ്ഞ് അനീഷ് തിരിച്ചുവരുമ്പോൾ രാത്രി 8.30 മണിയോടെ പമ്പയിൽ വച്ച് തലയിടിച്ച് വീഴുകയും ഗുരുതരമായി പരിക്കേൽകുകയും ചെയ്തു.
ഉടൻ തന്നെ പത്തനംതിട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഒക്ടോബർ 22ന് അനീഷിന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു.
അമ്മ അംബിക കുമാരി, എ.ആർ ലക്ഷ്മി, എ.ആർ. അഞ്ജു എ.ആർ. എന്നിവരാണ് സഹോദരികൾ.