എസ്.എസ്.സി നടത്തുന്ന പരീക്ഷയ്ക്ക് കൊല്ലത്ത് പരീക്ഷാ കേന്ദ്രം അനുവദിക്കണം: എൻ.കെ പ്രേമചന്ദ്രൻ

കൊല്ലത്ത് കേന്ദ്രം ആവശ്യപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൊല്ലത്തോ സമീപ ജില്ലകളിലോ ഉളള പരീക്ഷ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നില്ല. കേരളത്തിന് പുറത്തുളള മംഗലാപുരത്തും വിദൂര സ്ഥലങ്ങളിലുമാണ് പരീക്ഷാ കേന്ദ്രം അനുവദിച്ചത്.

author-image
Shibu koottumvaathukkal
New Update
image_search_1751518876838

കൊല്ലം : കേന്ദ്ര സര്‍ക്കാര്‍ ജോലിയ്ക്കായി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്.എസ്.സി) നടത്തുന്ന പരീക്ഷയ്ക്ക് കൊല്ലത്ത് പരീക്ഷാ കേന്ദ്രം അനുവദിക്കുകയോ, കൊല്ലം പരീക്ഷാ കേന്ദ്രമായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് വീടിന് സമീപമുളള ജില്ലകളില്‍ പരീക്ഷാ കേന്ദ്രം അനുവദിക്കുകയോ ചെയ്യണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി കേന്ദ്ര പേഴ്സണല്‍ ആന്‍റ് ട്രെയിനിംഗ് വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗിനോടും, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ചെയര്‍മാനോടും സെക്രട്ടറിയോടും ആവശ്യപ്പെട്ടു. ജോലിയ്ക്കായി അപേക്ഷ ക്ഷണിക്കുമ്പോള്‍ കൊല്ലത്ത് പരീക്ഷാ കേന്ദ്രം ആവശ്യപ്പെടാനുളള ഓപ്ഷന്‍ ഉണ്ടായിരുന്നു. ഓണ്‍ലൈനായി നല്‍കിയ അപേക്ഷയിലെ ഓപ്ഷന്‍ പ്രകാരം കൊല്ലത്ത് കേന്ദ്രം ആവശ്യപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൊല്ലത്തോ സമീപ ജില്ലകളിലോ ഉളള പരീക്ഷ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നില്ല. കേരളത്തിന് പുറത്തുളള മംഗലാപുരത്തും വിദൂര സ്ഥലങ്ങളിലുമാണ് പരീക്ഷാ കേന്ദ്രം അനുവദിച്ചത്. ഇത് ന്യായികരിക്കാവുന്നതല്ല. വിദുര സ്ഥലങ്ങളില്‍ പരീക്ഷാ കേന്ദ്രം അനുവദിച്ചതു കൊണ്ട് മിടുക്കരായ പല ഉദ്യോഗാര്‍ത്ഥികള്‍ക്കും പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തി ചേരുവാന്‍ കഴിയാത്ത സാഹചര്യമാണ്. അപേക്ഷാ സമയത്ത് കൊല്ലത്ത് കേന്ദ്രമുണ്ടെന്ന് അറിയിക്കുകയും അതിനു ശേഷം പരീക്ഷാ കേന്ദ്രം അനുവദിക്കാതിരിക്കുകയും ചെയ്ത നടപടി അംഗീകരിക്കാവുന്നതല്ല. അടിയന്തിരമായി കൊല്ലത്ത് പരീകക്ഷാ കേന്ദ്രം അനുവദിക്കുകയോ അല്ലാത്തപക്ഷം കൊല്ലം പരീക്ഷാ കേന്ദ്രമായി ആവശ്യപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സമീപ ജില്ലകളില്‍ പരീക്ഷ എഴുതുവാന്‍ അവസരം നല്‍കുകയോ ചെയ്യണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.

kollam upsc and ssc nk premachandran