/kalakaumudi/media/media_files/2025/10/10/anomali-2025-10-10-16-51-17.jpg)
ആലപ്പുഴ: നിരവധി തവണ സ്കാൻ ചെയ്തിട്ടും ഗർഭാവസ്ഥയിൽ കുഞ്ഞിന് ഗുരുതരമായ അംഗവൈകല്യമുണ്ടെന്ന് മനസിലാക്കാത്ത ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ രണ്ടു ഡോക്ടർമാർക്കെതിരെ സർക്കാർ സ്വീകരിച്ച അച്ചടക്കനടപടികളുടെ സമഗ്രമായ റിപ്പോർട്ട് രണ്ടു മാസത്തിനകം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി ഗീത ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
ഡോക്ടർമാരുടെ നിർദ്ദേശാനുസരണം രണ്ടു സ്വകാര്യ സ്കാനിംഗ് സെന്ററുകളിൽ നിന്നും നിരവധി തവണ സ്കാൻ ചെയ്തിട്ടും ഗർഭസ്ഥ ശിശുവിന്റെ അംഗവൈകല്യത്തെകുറിച്ച് ചികിത്സിച്ചിരുന്ന വനിതാ ഡോക്ടർമാർ തന്നെ അറിയിച്ചില്ലെന്ന് ലജനത്ത് വാർഡ് സ്വദേശിനി കമ്മീഷനെ അറിയിച്ചു.
പ്രസവസമയത്ത് തന്നെ ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തതായി പരാതിക്കാരി പറഞ്ഞു.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരാണ് കുഞ്ഞിന്റെ അവസ്ഥ തന്നെ അറിയിച്ചത്.
കുഞ്ഞിന്റെ ചലനവും അംഗവൈകല്യവും അറിയാൻ കഴിയുന്ന ഒബ്സ്റ്റട്രിക് സോണോഗ്രഫി അനോമലി എന്ന സ്കാൻ എടുത്തതാണെന്നും പരാതിക്കാരി അറിയിച്ചു. എന്നിട്ടും ഡോക്ടർമാർ വിവരം പറഞ്ഞില്ല.
പ്രസവിച്ചപ്പോൾ കുഞ്ഞിന് നിരവധി അംഗവൈകല്യങ്ങൾ ഉണ്ടായിരുന്നുവെന്നും ഡോക്ടർമാർക്കെതിരെ ചികിത്സാപിഴവിന് കേസെടുക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.