തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിനു മുന്നിൽ രാപകൽ സമരം നടക്കുന്ന പശ്ചാത്തലത്തിൽ ആശാ വർക്കർമാർ ജോലിയിൽ തിരികെ പ്രവേശിച്ചില്ലെങ്കിൽ പകരം ആളെ നിയോഗിക്കുമെന്ന മുന്നറിയിപ്പുമായി സർക്കാർ. ഉടൻ ജോലിയിൽ പ്രവേശിക്കണമെന്നാണു കർശന നിർദേശം. ലേബർ കമ്മിഷണർക്കും മറ്റ് ഉദ്യോഗസ്ഥർക്കും നോട്ടിസ് നൽകി നടത്തുന്ന സമരം വിരട്ടൽ കൊണ്ട് അവസാനിപ്പിക്കില്ലെന്നു കേരള ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.
ദേശീയ ഹെൽത്ത് മിഷൻ(എൻഎച്ച്എം) സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ.വിനയ് ഗോയൽ ജില്ലാ മെഡിക്കൽ ഓഫിസർമാർക്കും എൻഎച്ച്എം ചീഫ് എക്സിക്യൂട്ടീവ് ഓഫിസർക്കും അയച്ച കത്തിലാണു ജോലിക്കു ഹാജരാകാത്തവർക്കു പകരമായി മറ്റു സംവിധാനങ്ങൾ ഏർപ്പെടുത്തണമന്നു നിർദേശിച്ചത്. ആരോഗ്യവകുപ്പിന്റെ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഉൾപ്പെടെ ഒറ്റപ്പെട്ട ഇടങ്ങളിൽ ആശാ പ്രവർത്തകർ പങ്കെടുക്കുന്നില്ലെന്ന് സർക്കുലറിൽ പറയുന്നു.
ജോലിയിൽ തിരികെ പ്രവേശിച്ചില്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങളുമായി ആലോചിച്ചു ബദൽ സംവിധാനം ഏർപ്പെടുത്തണം. തൊട്ടടുത്ത വാർഡിലെ ആശാ വർക്കർക്ക് അധിക ചുമതല നൽകിയോ നിലവിലുള്ള ആരോഗ്യപ്രവർത്തകർ മുഖാന്തിരമോ സന്നദ്ധപ്രവർത്തകർ മുഖേനയോ സേവനം ഉറപ്പാക്കണം. ഇതിന്റെ ഉത്തരവാദിത്തം മെഡിക്കൽ ഓഫിസർമാർക്കാണ്.
ഇത്തരത്തിൽ ചുമതല ഏറ്റെടുക്കുന്നവർക്കുള്ള ഇൻസെന്റീവ് നൽകാൻ മിഷൻ ഡയറക്ടർ പിന്നീട് മാർഗനിർദേശം പുറപ്പെടുവിക്കുമെന്നും സർക്കുലറിൽ പറയുന്നു. 10ന് ആരംഭിച്ച സമരം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ചർച്ചയ്ക്കുപോലും തുനിയാതെ അതിനെ നേരിടാനാണു സർക്കാർ നീക്കമെന്നാണ് വ്യക്തമാകുന്നത്.
ആശാ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിലും എസ്എഫ്ഐ പ്രവർത്തകർ കേരള സർവകലാശാലയുടെ മുന്നിലും റോഡ് തടസ്സപ്പെടുത്തി സമരം നടത്തിയതിന് എതിരെയുള്ള കോടതിയലക്ഷ്യ ഹർജികൾ 28ന് പരിഗണിക്കാൻ മാറ്റി. മരട് സ്വദേശി എൻ.പ്രകാശ് നൽകിയ ഹർജിയാണു ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.എം.മനോജ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.
ആശാ വർക്കർമാരുടെ രാപകൽ സമരത്തിന് ഐക്യദാർഢ്യവുമായി ഒട്ടേറെപ്പേർ മാർച്ച് നടത്തി. കേരള ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. സംസ്ഥാന സർക്കാർ കള്ളക്കണക്കുകൾ അവതരിപ്പിക്കുകയാണെന്ന് സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് (സിഡിഎസ്) മുൻ ഡയറക്ടർ ഡോ.കെ.പി.കണ്ണൻ പറഞ്ഞു. മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ പ്രതിരോധ സമിതി പ്രസിഡന്റ് ഡോ.എം.പി.മത്തായി അധ്യക്ഷനായി. കെ.ജി.താര,എൻ.സുബ്രഹ്മണ്യൻ, ഫാ.റൊമാൻസ് ആന്റണി, ജോസഫ് സി.മാത്യു, ഡി.സുരേന്ദ്രനാഥ്, കെ.ശൈവപ്രസാദ്, പ്രഫ. കുസുമം ജോസഫ്, രമ്യ റോഷ്നി, ജോയി കൈതാരം, എം.ഷാജിർഖാൻ എന്നിവർ പ്രസംഗിച്ചു