കോഴിക്കോട്: മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ പിഴവെന്ന് പരാതി. കോതിപ്പാലം സ്വദേശി അജിത്തിനാണ് ശസ്ത്രക്രിയയിൽ പരാതി ഉയർത്തിയിരിക്കുന്നത്. ബൈക്ക് അപകടത്തെ തുടർന്ന് അജിത്തിൻ്റെ കൈയ്ക്ക് പൊട്ടലുണ്ടായിരുന്നു.
എല്ല് പൊട്ടിയതിനെ തുടർന്ന് ഇട്ട കമ്പിയാണ് മാറിപ്പോയത്. മറ്റൊരു രോഗിക്ക് ഇടാൻ വെച്ചിരുന്ന കമ്പിയാണ് അജിത്തിൻറെ കയ്യിലിട്ടത്. പിഴവ് മനസ്സിലാക്കിയപ്പോൾ വീണ്ടും ശസ്ത്രക്രിയ നടത്താൻ ആവശ്യപ്പെട്ടതായും അജിത്ത് വ്യക്തമാക്കി. സംഭവത്തിൽ കുടുംബം മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
അതെ സമയം കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ വിദഗ്ധ സംഘം അന്വേഷണം തുടങ്ങി.ഡി.എം.ഇ നിയോഗിച്ച സംഘമാണ് അന്വേഷണം നടത്തുന്നത്.കുട്ടിയുടെ രക്ഷിതാക്കളിൽ നിന്ന് നാളെ വിവരം തേടും.