another treatment failure complaint against kozhikode medical college
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ഗുരുതര ചികിത്സാപ്പിഴവ് നടന്നതായി പരാതി.ആറാം വിരൽ നീക്കാനെത്തിയ 4 വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ നടത്തിയതായാണ് പരാതി.കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ 4 വയസുകാരിക്കാണ് മാറി ശസ്ത്രക്രിയ ചെയ്തത്.
കയ്യിലെ ആറാംവിരൽ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കായെത്തിയ കുട്ടിയുടെ നാവിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു.സംഭവത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ മാപ്പ് പറഞ്ഞതായി കുട്ടിയുടെ കുടുംബം പറഞ്ഞു.ശസ്തക്രിയ മാറിയെന്ന് ബന്ധുക്കൽ പറഞ്ഞതോടെ പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരൽ നീക്കം ചെയ്യുകയായിരുന്നു.
കുട്ടിയെ ശസ്ത്രക്രിയക്കായി കൊണ്ടുപോകുമ്പോൾ ഒപ്പമുണ്ടായിരുന്നില്ലെന്നാണ് വീട്ടുകാർ പറയുന്നത്. പൂർത്തിയായി എന്ന് പറഞ്ഞ് നഴ്സ് വാർഡിലേക്ക് കൊണ്ടുവരുകയായിരുന്നു. വായിൽ പഞ്ഞി തിരുകിയത് കണ്ടപ്പോഴാണ് വീട്ടുകാർ കാര്യം അറിയുന്നത്.
കയ്യിലെ തുണി മാറ്റി നോക്കിയപ്പോൽ ആറാം വിരൽ അതുപോലെയുണ്ടായിരുന്നു. കയ്യിക്കാണ് ശസ്ത്രക്രിയ ചെയ്യേണ്ടതെന്ന് മാറിപ്പോയെന്നും പറഞ്ഞപ്പോൾ ചിരിച്ചുകൊണ്ടാണ് നഴ്സിൻറെ പ്രതികരണമെന്നും വീട്ടുകാർ പറഞ്ഞു. വളരെ നിസാരമായാണ് അവർ സംഭവം എടുത്തതെന്നാണ് വീട്ടുകാരുടെ ആരോപണം.
അതെസമയം സംഭവത്തിൽ എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ അധികൃതരിൽ നിന്ന് കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും വീട്ടുകാർ പറഞ്ഞു. മറ്റേതെങ്കിലും കുട്ടിയുമായി മാറിപ്പോയതാണോ രേഖകൾ മാറിപ്പോയതാണോ തുടങ്ങിയ കാര്യങ്ങളിലൊന്നും ഇതുവരെ യാതാരു വ്യക്തതതയും വന്നിട്ടില്ല.
അതേസമയം, കുട്ടിയുടെ നാവിനും തടസ്സം ഉണ്ടായിരുന്നതായി മെഡിക്കൽ കോളേജ് സൂപ്രണ്ട് വിശദീകരിച്ചു. ഇക്കാര്യം നേരത്തെ കണ്ടെത്തിയിരുന്നോ എന്ന് വ്യക്തമല്ല. എങ്കിലും രണ്ട് ശസ്ത്രക്രിയകൾ ഒരുമിച്ച് നടത്തിയത് സംബന്ധിച്ച് അന്വേഷണം നടത്തും. എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കും എന്നും സൂപ്രണ്ട് വ്യക്തമാക്കി.
ഇതാദ്യമായല്ല കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ചികിത്സപിഴവ് നടന്നതായുള്ള പരാതി വരുന്നത്. ഇതിനുമുമ്പും ചികിത്സാപ്പിഴവ് നിരവധി പരാതികൾ ഉയർന്നുവന്നിരുന്നു.ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ ഹർഷിന ഇപ്പോഴും നീതിക്കായി പോരാടുകയാണ്.ഇതിനിടെയാണ് ഇപ്പോൾ വീണ്ടും കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പുതിയ പരാതി ഉയർന്നുവന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
