കുറിപ്പടി"യില്ലാതെ മെഡിക്കൽ ഷോപ്പുകളിൽ ആൻ്റിബയോട്ടിക്ക് വില്പന സജീവം

സർക്കാർ ഉത്തരവ് കാറ്റിൽ പറത്തി ജില്ലയിലെ മെഡിക്കൽ ഷോപ്പുകൾ. ആൻ്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ സംസ്ഥാനത്ത് 'ഓപ്പറേഷന്‍ അമൃത്' പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആരോ​ഗ്യവകുപ്പിൻ്റെ പരിശോധനകൾ കാര്യക്ഷമമല്ലെന്നാണ് തെളിവുകളിൽ നിന്ന് വ്യക്തമാകുന്നത്.

author-image
Shyam Kopparambil
New Update
Screenshot 2025-08-22 at 16-54-45 ഓപ്പറേഷൻ അമൃത് എവിടെ 'കുറിപ്പടിയും വേണ്ട... ഡോക്ടറുടെ പേരും വേണ്ട' ഉത്തരവുകൾ കാറ്റിൽ പറത്തി മെഡിക്കൽ ഷോപ്പുകൾ

തൃക്കാക്കര : ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആൻ്റിബയോട്ടിക്കുകൾ വിൽക്കരുതെന്ന സർക്കാർ ഉത്തരവ് കാറ്റിൽ പറത്തി ജില്ലയിലെ മെഡിക്കൽ ഷോപ്പുകൾ. ആൻ്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ സംസ്ഥാനത്ത് 'ഓപ്പറേഷന്‍ അമൃത്' പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആരോ​ഗ്യവകുപ്പിൻ്റെ പരിശോധനകൾ കാര്യക്ഷമമല്ലെന്നാണ് തെളിവുകളിൽ നിന്ന് വ്യക്തമാകുന്നത്.


സെഫാലെക്സിൻ, സെഫ്റ്റം, ലിനോക്സ്, ഓഗ്മെൻ്റിൻ, ഫെക്സിൻ,അസിത്രോമൈസിൻ, അസിത്രാൾ, മോക്സിഫ്ലോക്സാസിൻ, ഡോക്സിസൈക്ലിൻ, സിപ്രോഫ്ലോക്സാസിൻ, ക്ലാരിത്രോമൈസിൻ, ലിനെസോളിഡ്, ടെട്രാസൈക്ലിൻ, എന്നുവേണ്ട എല്ലാ ആൻ്റിബയോട്ടിക്കുകളും എറണാകുളം ന​ഗരത്തിലെ മെഡിക്കൽ ഷോപ്പുകളിൽ സുലഭമായി ലഭിക്കും. ഇതിന് കുറിപ്പടിയും വേണ്ട, ഡോക്ടറുടെ പേരും വേണ്ട. കാശുണ്ടെങ്കിൽ വാങ്ങി പോകാവുന്നഅവസ്ഥയാണ്. ഈ വർഷം അവസാനത്തോടെ ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം നിർത്തലാക്കും എന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ വ്യക്തമാക്കിയത്. ആന്റിബയോട്ടിക് മരുന്നുകളുടെ അനാവശ്യ വിൽപ്പന തടയുന്നതിനും, മറ്റ് പരിശോധനകൾക്കുമായി ഡ്രഗ് കൺട്രോൾ വിഭാഗം ഓപ്പറേഷൻ അമൃത് രൂപീകരിച്ചു എന്നാൽ അതിപ്പോൾ നിർജീവം എന്നാണ് ഈ കണ്ടെത്തലുകളിൽ നിന്ന് വ്യക്തമാകുന്നത്.
അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ഡോക്‌ടർമാർ രോ​ഗികൾക്ക് ആൻ്റിബയോട്ടിക്കുകൾ നിർദേശിക്കാവൂ എന്നതടക്കം ഒരുപിടി മാർഗനിർദേശങ്ങൾ ആൻ്റിബയോട്ടികളുടെ ഉപയോഗം സംബന്ധിച്ചിട്ടുണ്ട്. ആൻ്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നതിൻ്റെ വിവരങ്ങള്‍ ഫാര്‍മസികള്‍ കൃത്യമായി സൂക്ഷിക്കണം, ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആൻ്റി ബയോട്ടിക്കുകള്‍ വില്‍ക്കില്ലെന്ന പോസ്റ്റര്‍ മെഡിക്കൽ ഷോപ്പുകൾ പ്രദര്‍ശിപ്പിക്കണം, ആൻ്റിബയോട്ടിക്കുകൾ വിൽക്കുമ്പോൾ നീല കവറിലാക്കി നൽകണം എന്നിങ്ങനെ പോകുന്നു മറ്റ് നിർദേശങ്ങൾ. പക്ഷേ ഇതെല്ലാം കടലാസിൽ മാത്രം ഒതുങ്ങി. മതിയായ പരിശീലനം നേടിയ ഫാർമസിസ്റ്റുകൾ ഇല്ലാതെയാണ് പല മെഡിക്കൽ ഷോപ്പുകളും പ്രവർത്തിക്കുന്നത്.സ്ഥിരമായി ആൻ്റിബയോട്ടിക്കുകള്‍ കഴിക്കുന്നത് ആൻ്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ സാധ്യതയുള്ള രോഗാണുക്കള്‍ മൂലമുള്ള അണുബാധയ്ക്ക് കാരണമാകും. എഎംആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ആൻ്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് എന്നാണ് ഈ അവസ്ഥയെ പറയുന്നത്. ഇതൊഴിവാക്കാനാണ് ആൻ്റിബയോട്ടിക്കുകളുടെ വിൽപ്പനയിൽ സംസ്ഥാന സർക്കാർ നിയന്ത്രണമേർപ്പെടുത്തിയത്.

പ്രതിവർഷം 15,000 കോടിയുടെ മരുന്നുകളാണ് കേരളത്തിൽ വിൽക്കുന്നത്. അതിൽ ആന്റിബയോട്ടിക്കുകളുടെ വിറ്റ് വരവ് 4500 കോടി രൂപയാണ്. ഇത്രയും വിപുലമായ ബിസിനസ് സാമ്രാജ്യത്തിന് ഒത്താശ ചെയ്യുകയാണോ ആരോ​ഗ്യ വകുപ്പ് അതോ സർക്കാർ ഉത്തരവുകളെല്ലാം കാറ്റിൽ പറത്തുകയാണോ കേരളത്തിലെ മെഡിക്കൽ ഷോപ്പുകൾ എന്നകാര്യത്തിൽ  വ്യക്തത വരേണ്ടിയിരിക്കുന്നു. 

medical shop