/kalakaumudi/media/media_files/2024/12/11/hP253vJ3tSrkEBJxBVA3.jpg)
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ആലുവ സ്വദേശിയായ നടി നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചയാളാണ് ബാലചന്ദ്ര മേനോനെന്നും സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും അന്തസ് ഉണ്ടെന്ന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധിയില്‍ കോടതി വ്യക്തമാക്കി.
'ദേ ഇങ്ങോട്ടു നോക്കിയേ' എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു നടിയുടെ പരാതി . എന്നാൽ സംഭവം നടന്നിട്ട് 17 വര്‍ഷമായെന്ന് കോടതി ചൂണ്ടിക്കാട്ടി. നേരത്തെ നവംബർ 21 വരെ ഇദ്ദേഹത്തിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു ഇതേ ഹർജിയിൽ തന്നെയാണ് ഇപ്പോൾ മുൻകൂർ ജാമ്യം അനുവദിച്ചത്. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു ബാലചന്ദ്ര മേനോന്‍ വാദിച്ചത്.
ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബാലചന്ദ്രമേനോനെതിരെ നടി ആരോപണം ഉന്നയിച്ചത്.എന്നാൽ ഇത് തന്നെ അപകീർത്തിപ്പെടുത്തന്നതിനു വേണ്ടിയാണെന്നും ഇതിൽ നടപടി വേണമെന്ന് ചൂണ്ടിക്കാട്ടി ബാലചന്ദ്രമേനോൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു.