വാഹനാപകടമുണ്ടാക്കി മുങ്ങിയ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

വിദേശത്തുള്ള ഇയാളുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ തീരുമാനം.

author-image
Prana
New Update
shajeel

കോഴിക്കോട് വടകരയില്‍ വാഹനമിടിച്ച് അറുപത്തിരണ്ടുകാരി മരിക്കുകയും ചെറുമകള്‍ ഒന്‍പത് വയസുകാരി കോമയിലാവുകയും സംഭവത്തില്‍ പ്രതി ഷെജീലിന് മുന്‍കൂര്‍ ജാമ്യമില്ല. വിദേശത്തുള്ള ഇയാളുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ തീരുമാനം.
പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് അന്വേഷണസംഘം ഉടന്‍ കടക്കും.
വാഹനമിടിച്ച് തലശ്ശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിനുസമീപം താമസിക്കുന്ന 62കാരി പുത്തലത്ത് ബേബി മരിക്കുകയും മകളുടെ മകള്‍ ഒന്‍പത് വയസ്സുകാരി ദൃഷാന ഗുരുതരമായി പരിക്കേറ്റ് കോമയിലാവുകയും ചെയ്ത സംഭവത്തിലെ പ്രതിയാണ് ഷെജീല്‍.
കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രി വടകരയ്ക്കു സമീപം ചോറോട് അമൃതാനന്ദമയീമഠം സ്‌റ്റോപ്പിലാണ് അപകടമുണ്ടായത്. രാത്രി ഒമ്പതുമണിയോടെ ചോറോടിലെ ബന്ധുവീട്ടിലേക്ക് പോകാനായി ബസ്സിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് വെള്ളനിറത്തിലുള്ള കാര്‍ ഇരുവരെയും ഇടിച്ചുവീഴ്ത്തിയത്. കാര്‍ നിര്‍ത്താതെ പോയി.
ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ബേബി മരിച്ചു. ദൃഷാന അബോധാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കണ്ണൂര്‍ മേലെ ചൊവ്വ വടക്കന്‍ കോവില്‍ സുധീറിന്റെയും സ്മിതയുടെയും മകളാണ് ദൃഷാന.
അപകടം നടന്നശേഷം പോലീസ് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചിരുന്നെങ്കിലും തെളിവൊന്നും കിട്ടിയിരുന്നില്ല. പിന്നീട് അന്വേഷണം ഇഴഞ്ഞു. ഇതോടെ ബന്ധുക്കള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുളളവര്‍ക്ക് പരാതി നല്‍കി. തുടര്‍ന്നാണ് അന്വേഷണം ഊര്‍ജിതമായത്.
തുടര്‍ന്നാണ് ഇടിച്ചിട്ട കാര്‍ കണ്ടെത്തിയത്. അന്നേദിവസം തലശ്ശേരി ഭാഗത്തേക്ക് പോയ മാരുതി സ്വിഫ്റ്റ് കാര്‍ തിരിച്ചറിയുകയായിരുന്നു. വാഹനമോടിച്ച ആര്‍സി ഉടമ പുറമേരി സ്വദേശി ഷജീല്‍ ഇതിനിടെ വിദേശത്തേക്ക് കടന്നിരുന്നു. അശ്രദ്ധമായി വാഹനമോടിക്കുകയും അപകടമുണ്ടാക്കുകയുമായിരുന്നു. അപകടം നടന്നശേഷം പിടിക്കപ്പെടുമെന്ന് കരുതി രക്ഷപ്പെട്ട ഇയാള്‍ പിന്നിട് കാര്‍ രൂപമാറ്റം വരുത്തി.
അന്ന് പോലീസിന് കിട്ടിയ ദൃശ്യത്തിലുണ്ടായിരുന്ന വെള്ള സ്വിഫ്റ്റ് കാറിന് സമാനമായ വാഹനം ഇന്‍ഷുറന്‍സ് ക്ലയിം ചെയ്യാന്‍ വന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അപകടമുണ്ടാക്കിയ കാറാണെന്ന് വ്യക്തമായത്.

anticipatory bail case hit and run law vadakara rejected