ഡിജിപി യൂണിഫോമായി കാക്കി ട്രൗസറും ദണ്ഡും നല്‍കണമെന്ന് അന്‍വര്‍

കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുന്നതാണ് അജിത് കുമാറിന് പ്രമോഷന്‍ നല്‍കിക്കൊണ്ടുള്ള മന്ത്രിസഭ യോഗത്തിലെ തീരുമാനം. ഇത്രയും ക്രിമിനല്‍ സ്വഭാവമുള്ള ഒരു വ്യക്തി ഒരുകാലത്തും പോലീസിന്റെ ഉന്നതങ്ങളില്‍ ഇരുന്നിട്ടില്ല.

author-image
Prana
New Update
vi

എഡിജിപി അജിത് കുമാറിനെ ഡിജിപി ആക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച് പിവി അന്‍വര്‍ എംഎല്‍എ. അജിത് കുമാര്‍ ഡിജിപിയുടെ കസേരയില്‍ വരുമ്പോള്‍ യൂണിഫോമിന് മാറ്റം വരുത്തണമെന്നും നിലവിലെ ഡിജിപിയുടെ യൂണിഫോമിന് പകരം കാക്കി ട്രൗസറും ദണ്ഡും കൊടുത്ത് ആര്‍എസ്എസിന്റെ യൂണിഫോം നല്‍കാന്‍ അടുത്ത മന്ത്രിസഭായോഗം തീരുമാനമെടുക്കണമെന്നും അന്‍വര്‍ പറഞ്ഞു.
കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുന്നതാണ് അജിത് കുമാറിന് പ്രമോഷന്‍ നല്‍കിക്കൊണ്ടുള്ള മന്ത്രിസഭ യോഗത്തിലെ തീരുമാനം. കേരളത്തില്‍ ഇത്രയും ക്രിമിനല്‍ സ്വഭാവമുള്ള ഒരു വ്യക്തി ഒരുകാലത്തും പോലീസിന്റെ ഉന്നതങ്ങളില്‍ ഇരുന്നിട്ടില്ല. അജിത്കുമാറിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് പ്രമോഷന്‍ നല്‍കി കൊണ്ടുള്ള സര്‍ക്കാരിന്റെ തീരുമാനം. ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രഹസനം ആണെന്ന് ഈ തീരുമാനത്തില്‍ നിന്നും വ്യക്തമായി എന്നും അന്‍വര്‍ പറഞ്ഞു.
കേരളത്തിന്റെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും പോലീസും പരിപൂര്‍ണമായും ആര്‍എസ്എസിന് കീഴ്‌പ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണിത്. സിപിഐയുടെ മന്ത്രിമാര്‍ പോലും ഈ ഒരു തീരുമാനത്തിനെതിരെ പ്രതികരിച്ചില്ല. നവീന്‍ ബാബുവിന്റെ മരണവും മാമി തിരോധാനവും ഉള്‍പ്പെടെ പല കേസുകളിലും സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കേരളം ഒരു വെള്ളരിക്ക പട്ടണം അല്ലെന്ന് സര്‍ക്കാര്‍ മനസ്സിലാക്കണം എന്നും ഇതെല്ലാം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അന്‍വര്‍ പറഞ്ഞു.

ADGP Ajith Kumar pv anwar mla