അന്‍വറിന്റെ ആരോപണങ്ങള്‍ ഗൗരവകരം: കെ. സുരേന്ദ്രന്‍

മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും അപകീര്‍ത്തിപ്പെടുത്തുകയാണ് പി.വി.അന്‍വര്‍ ചെയ്യുന്നതെങ്കില്‍ എന്തുകൊണ്ട് മാനനഷ്ടക്കേസ് കൊടുക്കാന്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള നേതാക്കള്‍ തയ്യാറാകാത്തതെന്ന് കെ. സുരേന്ദ്രന്‍ ചോദിച്ചു.

author-image
Prana
New Update
j

പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവകരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കള്ളക്കടത്തുകാരെ സംരക്ഷിക്കുന്ന ആളാണ് പി.വി.അന്‍വര്‍ എന്നാണ് സിപിഎം പറയുന്നത്. അപ്പോള്‍ അന്‍വറിനെ ഇത്രയും കാലം സംരക്ഷിച്ചത് ആരാണ്. മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും അപകീര്‍ത്തിപ്പെടുത്തുകയാണ് പി.വി.അന്‍വര്‍ ചെയ്യുന്നതെങ്കില്‍ എന്തുകൊണ്ട് മാനനഷ്ടക്കേസ് കൊടുക്കാന്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള നേതാക്കള്‍ തയ്യാറാകാത്തതെന്ന് കെ. സുരേന്ദ്രന്‍ ചോദിച്ചു.
പൊതുസമൂഹത്തിന് ഉത്തരം ലഭിക്കേണ്ട ചോദ്യങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്. അത് അങ്ങനെ ഒറ്റവാക്കില്‍ തള്ളിക്കളയാന്‍ സാധിക്കുന്നതല്ല. എന്തുകൊണ്ടാണ് അന്‍വറിനെതിരെ ശരിയായ നിലപാട് സ്വീകരിക്കാന്‍ ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രിക്ക് സാധിക്കാതെ പോകുന്നത്. ആരോപണം ഉന്നയിച്ചപ്പോള്‍ അന്‍വറിനെ വിളിച്ചുവരുത്തി ഒത്തുതീര്‍പ്പാക്കി എന്നാണ് പറഞ്ഞത്. അങ്ങനെ ഒത്തുതീര്‍പ്പാക്കാന്‍ പറ്റുന്ന വിഷയങ്ങളാണോ ഇത്.
നിയമ വാഴ്ച പൂര്‍ണമായും തകര്‍ന്നു. ഒരന്വേഷണവും നടക്കുന്നില്ല. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലില്‍ കിടന്നു. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാണ് കള്ളക്കടത്തിന് ഒത്താശ നല്‍കുന്നത്. ഇതെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടക്കുന്നത്.
സിപിഎമ്മിന് ഇതുപോലൊരു ഗതികേട് മുമ്പ് ഉണ്ടായിട്ടില്ല. ഇത്രയും നാള്‍ അന്‍വറിന്റെ വാര്‍ത്താ സമ്മേളനം മലപ്പുറം സിപിഎം ഫെയ്‌സ്ബുക്കിലൂടെ ലൈവ് കൊടുക്കുകയായിരുന്നു. സിപിഎമ്മിന്റെ സൈബര്‍ സഖാക്കളെല്ലാം അന്‍വറിനൊപ്പമാണ്. ഇപ്പോള്‍ മലപ്പുറം ജില്ലാ സെക്രട്ടറി പറയുന്നു അന്‍വര്‍ കള്ളക്കടത്തുകാരനാണെന്ന്. അന്‍വറിനെതിരെയുള്ള ആരോപണങ്ങളും ഗുരുതരമാണ്.
മരുമകന്‍ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. ആത്മാഭിമാനത്തിന്റെ അംശമെങ്കിലും ബാക്കിയുണ്ടെങ്കില്‍ എം.വി.ഗോവിന്ദന്‍ രാജി വച്ച് വേറെ വല്ല പണിക്കും പോകണം. ഈ സര്‍ക്കാരിന് ഒരു നിമിഷം പോലും തുടരാനുള്ള ധാര്‍മികത ഇല്ല. മുഖ്യമന്ത്രി രാജിവച്ച് പുതിയ ജനവിധി തേടാന്‍ തയാറാകണം. ഞങ്ങള്‍ കേരളം ഭരിക്കാനുള്ള തയാറെടുപ്പിലാണ്. തൃശൂരില്‍ വന്‍ വിജയം നേടിയത് പൂരം കലക്കിയിട്ടാണെന്ന് എല്‍ഡിഎഫും യുഡിഎഫും കരുതുന്നുവെങ്കില്‍ അങ്ങനെ തന്നെ ഇരുന്നോട്ടെ. എങ്ങനെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കണമെന്ന് ഞങ്ങള്‍ക്കറിയാം. 2026ല്‍ തന്നെ ഭരണം പിടിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

bjp kerala pv anwar mla K.Surendran cm pinarayivijayan