നിലമ്പൂര്‍ വനം വകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ അറസ്റ്റിലായ പിവി അന്‍വറിന്റെ കൂട്ടാളി ഇ എ സുകു അറസ്റ്റിലായി. പിവി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് സുകുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയായ ഇഎ സുകു അന്‍വറിന്റെ അടുത്ത അനുയായിയാണ്.വഴിക്കടവ് ബസ് സ്റ്റാന്‍ഡ് പരിസരത്തുവെച്ചാണ് സുകുവിനെ കസ്റ്റഡിയില്‍ എടുത്തത്. അന്‍വര്‍ ജയില്‍ നിന്ന് ഇറങ്ങുമ്പോള്‍ താന്‍ കയറയുന്നത് ട്വിസ്റ്റ് ആകുമെന്ന് സുകു പറഞ്ഞു. പിവി അന്‍വര്‍ ഉള്‍പ്പടെ 11 പേരാണ് കേസിലെ പ്രതികള്‍. അതില്‍ എംഎല്‍എയെക്കൂടാതെ മറ്റ് നാലുപേരെയാണ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തത്. നേരത്തെ അറസ്റ്റുചെയ്യാത്ത ആറുപേരില്‍ ഒരാളാണ് ഇപ്പോള്‍ പിടിയിലായ സുകു.
അതേസമയം, ഉപാധികളില്ലാതെയാണ് അന്‍വറിന് ജാമ്യം അനുവദിച്ചതെന്ന് അന്‍വറിന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. എഫ്ഐആറില്‍ പിവി അന്‍വറിന്റെ പേര് ചേര്‍ത്തത് ആസൂത്രിതമാണെന്നും രാഷ്ട്രീയ വിരോധം തീര്‍ക്കാനാണ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതെന്നും അന്‍വറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സഫറുള്ള പറഞ്ഞു. സ്റ്റേഷനിലെത്താന്‍ പൊലീസ് ഒരുഫോണ്‍ കോള്‍ വിളിച്ചാല്‍ ഹാജരാകുമായിരുന്നെന്നും സ്ഥലത്തെ എംഎല്‍എയാണെന്നും അറസ്റ്റ് രാഷ്ട്രീയ വൈര്യം തീര്‍ക്കാനുള്ള നീക്കമാണെന്നും അന്‍വറിന്റെ അഭിഭാഷകനായ സഫറുള്ള വാദിച്ചു.