/kalakaumudi/media/media_files/2025/12/14/em-swaraj-2025-12-14-15-10-48.jpg)
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി പാർട്ടിക്ക് തിരിച്ചടി ആയതിന്റെ കാരണങ്ങൾ പരിശോധിക്കുമെന്ന് എം സ്വരാജ് .
.ജനങ്ങളില്‍ നിന്നും പഠിക്കുമെന്നും തിരുത്തേണ്ടത് തിരുത്തി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്തുമെന്നും എം സ്വരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം
തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ പരാജയം പ്രതീക്ഷിച്ചതല്ല. മികച്ച വിജയം എല്‍ഡിഎഫ് അര്‍ഹിച്ചിരുന്നു. എന്നാല്‍ ജനവിധി മറിച്ചാണുണ്ടായത്. ജനങ്ങളുടെ ക്ഷേമവും നാടിന്റെ വികസനവും എല്ലാ തെരഞ്ഞെടുപ്പിലും മുഖ്യപരിഗണനാ വിഷയങ്ങളായിക്കൊള്ളണമെന്നില്ല. ഏതേതു കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് വോട്ടു ചെയ്യേണ്ടതെന്ന് ആത്യന്തികമായി തീരുമാനിക്കുന്നത് ജനങ്ങള്‍ തന്നെയാണ്.
ജനവിധി അംഗീകരിക്കുന്നു. എന്നാല്‍ നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും ഒരു തെരഞ്ഞെടുപ്പില്‍ മുഖ്യപരിഗണനാ വിഷയമായില്ല എന്നു കരുതി അതൊന്നും ഉപേക്ഷിക്കാനാവില്ല. പവര്‍കട്ടും ലോഡ് ഷെഡിങ്ങും കേരളത്തെ ഇരുട്ടിലാക്കിയ യുഡിഎഫ് കാലം തിരികെ വരണമെന്നാണ് ഈ ജനവിധിയെന്ന് വാദിക്കുന്നവരുണ്ട്. പരീക്ഷക്കാലത്തും പാഠപുസ്തകമെത്താത്ത യുഡിഎഫ് കാലം തിരിച്ചുവരാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് തര്‍ക്കിക്കുന്നവരുണ്ട്. ക്ഷേമപെന്‍ഷന്‍ കിട്ടാത്ത യു ഡി എഫ് കാലത്തിനായാണ് ജനങ്ങള്‍ ദാഹിക്കുന്നതെന്ന് വ്യാഖ്യാനിക്കുന്നവരുമുണ്ട്.
ഞങ്ങള്‍ അങ്ങനെ കണക്കാക്കുന്നില്ല. എല്‍ഡിഎഫ് ഭരണത്തിന്റെ ഭാഗമായി നാട്ടിലുണ്ടായ നല്ല മാറ്റങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചതാണ്. അതൊന്നും തിരുത്തേണ്ടതല്ല. എന്നിട്ടും തദ്ദേശവിധി മറിച്ചായത് എന്തുകൊണ്ടാണെന്ന് പരിശോധിക്കും. ജനങ്ങളില്‍ നിന്നും പഠിക്കും. തിരുത്തേണ്ടത് തിരുത്തും. ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്തും.
ഇതിന് മുമ്പ് തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടത് 2010ലായിരുന്നു. അന്നത്തെ പരാജയം ഇന്നത്തെ തിരിച്ചടിയേക്കാള്‍ ഏറെ കടുത്തതായിരുന്നു. ആ തെരഞ്ഞെടുപ്പിന്റെ അനുഭവങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടാണ് പിന്നീട് മഹാവിജയത്തിലേക്ക് എല്‍ഡിഎഫ് നടന്നുകയറിയത്. ഏതെങ്കിലും ഒരു പരാജയം ചരിത്രത്തിന്റെ അവസാനമല്ല. തിരികെ വരും. വിജയം നേടും തീര്‍ച്ച. കാരണം, ജനപക്ഷ രാഷ്ട്രീയം ആത്യന്തികമായി ജയിച്ചേ തീരൂ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
