ഐഎഎസ് ഉദ്യോഗസ്ഥരുടെ തസ്തികകളില്‍ കേഡര്‍ ഇതര ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നിയമവിരുദ്ധം ;ബി അശോകിന്‍റെ സ്ഥലംമാറ്റം റദ്ദാക്കി

സിഎടി ഉത്തരവ് നിലവിലെ എക്‌സൈസ് കമ്മീഷണറായ എഡിജിപി എംആർ അജിത് കുമാറിന് തിരിച്ചടിയാണ്. കില (KILA), ഐ എം ജി (IMG) ഡയറക്ടർ സ്ഥാനങ്ങളും ഐ എ എസ് കേഡർ തസ്തികകളാണെന്നും സി എ ടി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്

author-image
Devina
New Update
ashok b

കൊച്ചി: സംസ്ഥാനത്തെ ഐ എ എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ ഉത്തരവുമായി സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ. കേഡർ തസ്തികകളിൽ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ. ഐഎഎസ് ഉദ്യോഗസ്ഥരുടെ തസ്തികകളിൽ കേഡർ ഇതര ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്നും സിഎടി ഉത്തരവിൽ വ്യക്തമാക്കി.ഐ എ എസ് ഓഫീസേഴ്‌സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് സിഎടി ഉത്തരവ്. 2014 ലെ കേഡർ നിയമങ്ങൾ കർശനമായി പാലിക്കണം. ഐഎഎസുകാരുടെ സ്ഥലംമാറ്റത്തിന് സിവിൽ സർവീസ് ബോർഡിന്റെ അനുമതി വേണമെന്നും ട്രൈബ്യൂണൽ ഉത്തരവിട്ടിട്ടുണ്ട്. ബി അശോകിനെ മാറ്റിയതുൾപ്പെടെയുള്ള മൂന്ന് സ്ഥലംമാറ്റ ഉത്തരവുകൾ കോടതി റദ്ദാക്കി.

എക്‌സൈസ് കമ്മീഷണർ സ്ഥാനം ഐ എ എസ് കേഡർ തസ്തികയാണെന്നും അവിടെ ഐ എ എസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നും ട്രൈബ്യൂണൽ വ്യക്തമാക്കി. സിഎടി ഉത്തരവ് നിലവിലെ എക്‌സൈസ് കമ്മീഷണറായ എഡിജിപി എംആർ അജിത് കുമാറിന് തിരിച്ചടിയാണ്. കില (KILA), ഐ എം ജി (IMG) ഡയറക്ടർ സ്ഥാനങ്ങളും ഐ എ എസ് കേഡർ തസ്തികകളാണെന്നും സി എ ടി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.ഐഎംജി ഡയറക്ടറായി മുൻ ചീഫ് സെക്രട്ടറിയും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ ജയകുമാറാണ്. കേഡർ നിയമങ്ങൾ ലംഘിച്ചുള്ള നിയമനങ്ങൾ സർക്കാരിന്റെ അധികാരപരിധിക്ക് പുറത്താണെന്നും, ഐ എ എസ് ഉദ്യോഗസ്ഥരുടെ സേവന വ്യവസ്ഥകളിലും സ്ഥലംമാറ്റങ്ങളിലും രാഷ്ട്രീയ താൽപ്പര്യങ്ങൾ കടന്നുകൂടുന്നത് തടയുന്നതാണ് ഈ ഉത്തരവെന്നും സി എ ടി വ്യക്തമാക്കുന്നു.