/kalakaumudi/media/media_files/2025/11/18/supreme-2025-11-18-16-57-15.jpg)
തിരുവനന്തപുരം: കെടിയു, ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും സമവായത്തില്‍ എത്തിയ സാഹചര്യം സത്യവാങ്മൂലത്തിലൂടെ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും.
സാങ്കേതിക സര്‍വകലാശാല വിസിയായി സിസാ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി സജി ഗോപിനാഥനെയും നിയമിക്കാന്‍ തീരുമാനിച്ച കാര്യം കോടതിയെ ധരിപ്പിക്കും. വ്യാഴാഴ്ചയാണ് കേസ് വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നത്.
കഴിഞ്ഞതവണ കേസ് പരിഗണിച്ച കോടതി സമവായം എത്താത്ത സാഹചര്യത്തില്‍ ജസ്റ്റിസ് സുധാന്‍ഷു ദൂലിയ അധ്യക്ഷനായ സമിതിയോട് വിസി നിയമനത്തിനുള്ള പേരുകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരും ഗവര്‍ണറും യോജിപ്പില്‍ എത്തിയതോടെ കോടതി ഇക്കാര്യം അംഗീകരിക്കാനാണ് സാധ്യത. ഇരുവരുടെയും നിയമന വിജ്ഞാപനം ലോക്ഭവന്‍ ഇന്നലെയാണ് പുറത്തിറക്കിയത്.
സുപ്രീം കോടതി നിയോഗിച്ച റിട്ട. ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ സര്‍ച്ച് കമ്മിറ്റി സ്വന്തം നിലയില്‍ തയ്യാറാക്കിയ വിസിമാരുടെ പട്ടിക ഇന്ന് കോടതിയ്ക്ക് കൈമാറാനിരികകെയാണ് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ധാരണയായത്.
സിസ തോമസിനെ അംഗീകരിക്കില്ലെന്ന വര്‍ഷങ്ങള്‍ നീണ്ട പിടിവാശി ഉപേക്ഷിക്കാന്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഗവര്‍ണറുമായുള്ള കൂടികാഴ്ചയില്‍ തയ്യാറായി. ഡോ. സജി ഗോപിനാഥിനെയും ഡോ. സതീഷ് കുമാറിനെയും വിസിമാരാക്കണമെന്നായിരുന്നു സര്‍ക്കാര്‍ താല്‍പ്പര്യം. എന്നാല്‍ ചാന്‍സിലറായ ഗവര്‍ണര്‍ ഈ ആവശ്യം തള്ളി.
പകരം സര്‍ക്കാറിന് മൂന്ന് വര്‍ഷമായി അനഭിമതയായ ഡോ. സിസ തോമസിനെ കെടിയുവിലും ഡോ. പ്രിയ ചന്ദ്രനെ ഡിജിറ്റല്‍ വിസിയായും നിയമിക്കണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഭിന്നതയെ വിമര്‍ശിച്ച കോടതി ഡോ. സുധാംശു ധൂലിയയോടെ പാനല്‍ നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
