ഭൂപതിവ് നിയമഭേദഗതിക്ക് അംഗീകാരം; ഭൂമി പ്രശ്നങ്ങൾക്കുള്ള നിർണായക തീരുമാനമെന്ന് മുഖ്യമന്ത്രി

∙ ഭൂപതിവ് നിയമഭേദഗതിയിലെ ചട്ടങ്ങൾക്കു മന്ത്രിസഭാ യോഗം അംഗീകാരം നൽകിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

author-image
Devina
New Update
pinarayi-vijayan-101619203-16x9_0

തിരുവനന്തപുരം; ഭൂപതിവ് നിയമഭേദഗതിയിലെ ചട്ടങ്ങൾക്കു മന്ത്രിസഭാ യോഗം അംഗീകാരം നൽകിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മലയോര മേഖലയിലെ ഭൂമി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിർണായകമായ തീരുമാനമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇനി സബ്ജക്ട് കമ്മിറ്റി കൂടി ഇതു പരിഗണിക്കേണ്ടതുണ്ട്. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതു മുതൽ പ്രശ്‌ന പരിഹാരത്തിനു പല ശ്രമങ്ങളും നടത്തിയിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. റവന്യൂമന്ത്രി കെ.രാജനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.2023 സെപ്റ്റംബർ 14നാണ് ഭൂപതിവ് ഭേദഗതി നിയമം നിയമസഭ പാസാക്കിയത്. രണ്ടു ചട്ടങ്ങളാണ് സർക്കാർ പ്രധാനമായും കൊണ്ടുവരുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. പതിച്ചുകിട്ടിയ ഭൂമിയിൽ ഇതുവരെ ഉണ്ടായിട്ടുള്ള വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിനുള്ള ചട്ടവും കൃഷിക്കും ഗൃഹനിർമാണത്തിനു  മറ്റുമായി പതിച്ചു നൽകിയ ഭൂമി ജീവനോപാധി ലക്ഷ്യമാക്കിയുള്ള മറ്റു വിനിയോഗത്തിന് അനുവദിക്കുന്നതിനുള്ള ചട്ടവുമാണ് നടപ്പാക്കുക. വിപുലമായ ചർച്ചകൾക്കു ശേഷമാണ് മന്ത്രിസഭാ യോഗം ഇതിന് അംഗീകാരം നൽകിയത് .എൽഡിഎഫ് പ്രകടനപത്രിയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നാണ് നടപ്പാക്കിയിരിക്കുന്നതെന്നും ഭൂമി കൈമാറ്റം എളുപ്പമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പതിച്ചുകിട്ടിയ ആളിൽനിന്ന് ഭൂമി കൈമാറിക്കിട്ടിയ ആൾക്ക് ഉടമസ്ഥാവകാശം സ്ഥാപിക്കാൻ രേഖകൾ മാത്രം സമർപ്പിച്ചാൽ മതിയാകും. അപേക്ഷകൾ കൈകാര്യം ചെയ്യാൻ ഓൺലൈൻ  പോർട്ടൽ തയാറാക്കും. അപേക്ഷ സമർപ്പിക്കാനും തുടർനടപടികൾ നിരീക്ഷിക്കാനും നടപടി സ്വീകരിക്കും. വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കാനുള്ള അപേക്ഷ സമർപ്പിക്കാൻ ഒരു വർഷം സമയം അനുവദിക്കും. ആവശ്യമെങ്കിൽ കാലാവധി നീട്ടി നൽകും.പതിച്ചു കിട്ടിയ ഭൂമിയിലെ ചട്ടങ്ങൾ ലംഘിച്ച് എത്ര ഭൂമി ഉപയോഗിച്ചിട്ടുണ്ടോ ആ ഭൂമിയിലെ വകമാറ്റിയുള്ള വിനിയോഗം മാത്രമാകും ക്രമീകരിക്കുക.ബാക്കിയുള്ള ഭൂമി നേരത്തേയുള്ള പട്ടയവ്യവസ്ഥയ്ക്കു വിധേയമായിരിക്കും. ഇതിൽ മറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിക്കുന്നതിന് പ്രത്യേക അനുമതി തേടണം. പ്രത്യേക ആവശ്യത്തിനായി അനുവദിച്ച പട്ടയഭൂമിയിൽ നിർമിച്ച വീടുകൾക്കു ക്രമീകരണം ആവശ്യമെങ്കിൽ നിർമിതിയുടെ വലുപ്പം നോക്കാതെ ക്രമീകരിച്ചു നൽകും. അപേക്ഷയോടൊപ്പം ചെറിയ ഫീസ് നൽകിയാൽ മതിയാകും. കോംപൗണ്ടിങ് ഫീസ് പൂർണമായി ഒഴിവാക്കും. ഉടമ സമർപ്പിക്കുന്ന സത്യവാങ്മൂലം അടിസ്ഥാനമാക്കിയാവും നടപടി.സമാനമായി പതിവുഭൂമിയിലെ സർക്കാർ കെട്ടിടങ്ങൾ, പൊതുസ്ഥലങ്ങൾ ജീവനോപധിക്കുള്ള 3000 ചതുരശ്ര അടി വരെയുള്ള വാണിജ്യ കെട്ടിടങ്ങൾ ഇവയ്‌ക്കെല്ലാം കോംപൗണ്ടിങ് ഫീസ് ഈടാക്കാതെ ക്രമീകരിക്കും. അപേക്ഷ ലഭിച്ച് 90 ദിവസത്തിനകം തീരുമാനമെടുക്കണം. ഇല്ലെങ്കിൽ ഡീംഡ് പെർമിഷൻ ആയി കണക്കാക്കിയുള്ള ഉത്തരവ് ലഭിക്കും. ഓൺലൈനായി സർട്ടിഫിക്കറ്റ് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.