സൂക്ഷിച്ചില്ലെങ്കില്‍ ഇവരും പ്രശ്‌നക്കാരാണ്

ഒരുപക്ഷേ സസ്യലോകത്ത് അടിമുടി വിഷാംശം അടങ്ങിയ സസ്യം ഏതെന്ന് ചോദിച്ചാല്‍ അരളി എന്നതായിരിക്കും ഏറ്റവും നല്ല മറുപടി. വേരുകള്‍, ഇലകള്‍, തണ്ട്, വെള്ള നിറമുള്ള പാല്, പൂക്കള്‍ തുടങ്ങി സസ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വിവിധയിനം വിഷാംശം അടങ്ങിയിരിക്കുന്നു. ഹൃദയത്തെ ബാധിക്കുന്ന ഗ്ലൈക്കോസൈഡുകള്‍ ആണ് ഈ സസ്യത്തെ വിഷകാരി ആക്കുന്നത്.

author-image
Rajesh T L
Updated On
New Update
aralippovu

Oleander

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രന്‍ എന്ന യുവതി കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിച്ചത് അരളിപ്പൂ നുള്ളി വായിലിട്ടതിനെ തുടര്‍ന്നാണെന്ന സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. യുകെയിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തി കുഴഞ്ഞുവീണ് മരിച്ച നഴ്‌സ് സൂര്യ സുരേന്ദ്രന്റെ മരണത്തിന് കാരണം അരളിപ്പൂവാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അയല്‍വാസികളോട് യാത്ര പറയാനെത്തിയപ്പോള്‍ അശ്രദ്ധമായി അരളിപ്പൂവ് ചവയ്ക്കുകയും കുറച്ച് ഭാഗം അറിയാതെ വിഴുങ്ങുകയും ചെയ്തിരുന്നുവെന്നാണ് സൂചന. ആന്തരിക അവയവങ്ങളുടെ ഫോറന്‍സിക് പരിശോധനാ ഫലം കൂടി പുറത്ത് വന്നാലെ മരണകാരണം അന്തിമമായി വ്യക്തമാകൂവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

സംഭവത്തിന് പിന്നാലെ പൂജയ്ക്ക് ഉപയോഗിക്കുന്ന അരളപ്പൂവിനെ ചുറ്റിപ്പറ്റി നിരവധി വാര്‍ത്തകളും പുറത്തുവന്നിരുന്നു. എന്തായാലും അരളിപ്പൂവിന് പൂജാകാര്യങ്ങളില്‍ തല്‍ക്കാലം വിലക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിക്കഴിഞ്ഞു. പൂവില്‍ വിഷാംശം ഉണ്ടെന്ന ശാസ്ത്രീയമായ ഒരു റിപ്പോര്‍ട്ടും കിട്ടിയിട്ടില്ലെന്നാണ് ദേവസ്വംബോര്‍ഡ് പറയുന്നത്.

അലങ്കാരത്തിനും മരുന്നിനുമൊക്കെ ഉപയോഗിക്കുന്ന ധാരാളം സസ്യങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. അവ ശരിയായ വിധത്തില്‍ ഉപയോഗിച്ചില്ലെങ്കില്‍ അപകടസാദ്ധ്യത ഉള്ളതുമാണ്. യഥാര്‍ത്ഥത്തില്‍ അരളിപ്പൂവില്‍ നിന്ന് മാത്രമല്ല ഇത്തരം ഭീഷണി ഉള്ളത്. ജീവന് ഹാനീകരമാകുന്ന അവയില്‍ ചിലതുകൂടി നമുക്കൊന്ന് മനസിലാക്കിപ്പോകാം.

വീടിന്റെ മുറ്റങ്ങളിലും പറമ്പുകളിലുമെല്ലാം വ്യാപകമായി കാണുന്ന അലങ്കാരസസ്യമാണ് അരളി. രണ്ടോ മൂന്നോ മീറ്റര്‍ മാത്രം ഉയരം വയ്ക്കുന്ന ഈ സസ്യം അപ്പോസയനെസിയെ കുടുംബത്തിലെ അംഗമാണ് . റോസ് നിറത്തിലും പിങ്ക് നിറത്തിലും ചുവപ്പിന്റെ വിവിധ രാശികളിലും വെള്ള നിറത്തിലും മഞ്ഞ നിറത്തിലുമുള്ള പരിമള പൂക്കള്‍ ധാരാളമായി ഉണ്ടാവുന്ന സസ്യമായതിനാല്‍ അലങ്കാര ആവശ്യത്തിനും ഇത് നട്ടുവളര്‍ത്താറുണ്ട്. കാലാവസ്ഥാപരമായി, ഉണങ്ങിയ അല്ലെങ്കില്‍ ജലം ആവശ്യമില്ലാത്ത തരം പ്രകൃതിയില്‍ വളരാന്‍ അനുകൂലമായതിനാല്‍ ഹൈവേയിലും ഡിവൈഡറുകളിലും മറ്റു പരിപാലനം ആവശ്യം ഇല്ലാത്ത തരം പൂന്തോട്ടങ്ങളിലും നടാനായി തിരഞ്ഞെടുക്കുന്ന ആദ്യത്തെ സസ്യം അരളി തന്നെയാവും.

ഒരുപക്ഷേ സസ്യലോകത്ത് അടിമുടി വിഷാംശം അടങ്ങിയ സസ്യം ഏതെന്ന് ചോദിച്ചാല്‍ അരളി എന്നതായിരിക്കും ഏറ്റവും നല്ല മറുപടി. വേരുകള്‍, ഇലകള്‍, തണ്ട്, വെള്ള നിറമുള്ള പാല്, പൂക്കള്‍ തുടങ്ങി സസ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വിവിധയിനം വിഷാംശം അടങ്ങിയിരിക്കുന്നു. ഹൃദയത്തെ ബാധിക്കുന്ന ഗ്ലൈക്കോസൈഡുകള്‍ ആണ് ഈ സസ്യത്തെ വിഷകാരി ആക്കുന്നത്.

ഒന്നോ രണ്ടോ ഇലകളോ ഏതാനും പൂക്കളോ അറിഞ്ഞോ അറിയാതെയോ ഉള്ളിലേക്ക് ചെന്നാല്‍ മരണം വരെ സംഭവിക്കാവുന്ന തരത്തില്‍ വിഷബാധ ഉണ്ടായേക്കാം. ചില പഠനങ്ങള്‍ അനുസരിച്ച് കേവലം നാല് ഗ്രാം ഇല അകത്തു ചെന്നാല്‍ തന്നെ വിഷബാധ ഉണ്ടാകാം. തലകറക്കം, ഛര്‍ദി എന്നിവ ഇതിന്റെ വിഷബാധയുടെ ആദ്യ ലക്ഷണങ്ങളാണ് എന്നാല്‍ തുടര്‍ന്ന് ഹൃദയത്തിന്റെ പ്രവര്‍ത്തനം താളം തെറ്റുകയും വിഷബാധയുടെ മറ്റ് ലക്ഷണങ്ങളായ ഉയര്‍ന്ന ഹൃദയ മിടിപ്പ്, തലവേദന, ബോധക്ഷയം, തളര്‍ച്ച എന്നിവയെല്ലാം കാണിക്കുകയും ചെയ്യുന്നു.

ഇലകളിലെയും പൂക്കളിലെയും വിഷാംശം അതിന്റെ വളര്‍ച്ചാഘട്ടം അനുസരിച്ച് മാറാവുന്നതാണ്. അരളിയുടെ കമ്പില്‍ കോര്‍ത്തുവെച്ച മാംസഭാഗങ്ങള്‍ ബാര്‍ബിക്യു ചെയ്തതിനുശേഷം ഭക്ഷിച്ച ആളുകളിലും അരളിച്ചെടി കൂട്ടിയിട്ട് കത്തിച്ച് പുക ശ്വസിച്ച ആളുകളിലും വരെ വിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അരളി ഇലകള്‍ കമ്പോസ്റ്റ് ആക്കി ആ കമ്പോസ്റ്റ് ഇട്ടു വളര്‍ത്തിയ മറ്റ് സസ്യങ്ങളില്‍ പോലും അരളിയിലെ വിഷാംശങ്ങള്‍ കടന്നുകൂടിയതായി പഠനങ്ങള്‍ കാണിക്കുന്നുണ്ട്.

മഞ്ഞരളി, അഥവാ യെല്ലോ ഒലിയാണ്ടര്‍ നാട്ടിന്‍പുറങ്ങളില്‍ വേലിയിലും മറ്റും സ്ഥിരമായി കാണപ്പെടുന്ന ഒരു സസ്യമാണ്. സസ്യശാസ്ത്രപരമായി അരളിയുടെ അടുത്ത ബന്ധുവും ഒരേ കുടുംബത്തിലെ അംഗവുമാണ്. നേരിയ നീണ്ട ഇലകള്‍ പാലുള്ള കാണ്ഡവും ഇലകളും, കടുത്ത മഞ്ഞനിറത്തിലും നേരിയ മഞ്ഞ, ഓറഞ്ച് നിറത്തിലും ഉള്ള പൂക്കള്‍ തുടങ്ങിയ സ്വഭാവങ്ങള്‍ ഇതില്‍ കാണാറുണ്ട്. ഏറ്റവും അധികം വിഷം അടങ്ങിയിരിക്കുന്നത് കായയിലാണ്. അരളി പോലെ തന്നെ വിഷാംശം അകത്ത് ചെന്നാല്‍ വയറുവേദന, വയറിളക്കം, ഛര്‍ദി, രക്താതിസാരം എന്നീ ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. മാരകമായ അളവിലുള്ള വിഷം ഹൃദയത്തെ ബാധിക്കുകയും പ്രവര്‍ത്തനത്തെ തന്നെ തകരാറിലാക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. അരളിയെ പോലെ തന്നെ മഞ്ഞ അരളിയിലും എല്ലാ ഭാഗങ്ങളിലും വിഷാംശം അടങ്ങിയിരിക്കുന്നു. ഹൃദയത്തെ ബാധിക്കുന്ന ഗ്ലൈക്കോസൈഡുകള്‍ തന്നെയാണ് ഇവിടെയും വിഷം.

സമാനമായി, ഹൃദയത്തെ ബാധിക്കുന്ന ഗ്ലൈക്കോസൈഡുകള്‍ രാസപദാര്‍ത്ഥങ്ങള്‍ വിഷകാരിയാകുന്ന മറ്റു സസ്യങ്ങളാണ് ഒതളങ്ങയും വിഷപ്പാലയും. ഇവ രണ്ടും അരളിയുടെ കുടുംബമായ അപ്പോസയനെസിയെ അംഗങ്ങളാണ്. ഒതളങ്ങയുടെ കായയിലാണ് ഏറ്റവുമധികം വിഷം അടങ്ങിയിരിക്കുന്നതെങ്കില്‍ വിഷപ്പാലയില്‍ അരളിയെ പോലെ തന്നെ എല്ലാ ഭാഗങ്ങളിലും വിഷാംശം അടങ്ങിയിരിക്കുന്നു.

നാട്ടിന്‍പുറങ്ങളിലും ഉപയോഗശൂന്യമായ വെളിമ്പ്രദേശങ്ങളിലും കാണപ്പെടുന്ന മറ്റൊരു വിഷസസ്യം ആണ് എരുക്ക്. അരളി കുടുംബത്തില്‍പ്പെട്ട മറ്റൊരു കുറ്റിച്ചെടിയാണ് ഇത്. ഏറ്റവും അധികം വിഷാംശം അടങ്ങിയിരിക്കുന്നത് ഇതിന്റെ പാലിലാണ്. വിഷബാധയുണ്ടായാല്‍ ആറ് മുതല്‍ 12 മണിക്കൂറിനകം തന്നെ മരണം സംഭവിക്കാം. ഏതെങ്കിലും കാരണവശാല്‍ ഇതിന്റെ പാല് കണ്ണുകളില്‍ ആവുകയാണെങ്കില്‍ അന്ധതയ്ക്ക് കാരണമാവാറുണ്ട്.

ഉമ്മത്തിന്‍ കായ അരച്ചുകൊടുക്കവന് എന്നൊക്കെ നാട്ടിന്‍പുറങ്ങളില്‍ നമ്മള്‍ പറഞ്ഞുകേട്ടിട്ടുണ്ട്. വീട്ടുവളപ്പുകളിലും നാട്ടിന്‍പുറങ്ങളിലും സാധാരണയായി കണ്ടുവരുന്ന മറ്റൊരു സസ്യമാണ് ഉമ്മം ആല്‍ക്കലോയിഡുകള്‍ ആണ് ഇതിനെ വിഷകാരിയാക്കുന്നത്. ഇലകളിലും തണ്ടിലും എല്ലാം വിഷം ഉണ്ടെങ്കിലും ഏറ്റവും അധികം വിഷം കാണുന്നത് വിത്തുകളിലാണ്.

പറമ്പുകളിലും കാടുപിടിച്ച് കിടക്കുന്ന മറ്റു മേഖലകളിലും സാധാരണ വളരുന്ന മറ്റൊരു സസ്യമാണ് ആവണക്ക്. ഇതിന്റെ കായയില്‍ അടങ്ങിയിരിക്കുന്ന റൈസിന്‍ എന്ന വിഷവസ്തു നേരിയ അളവില്‍ തന്നെ മരണകാരി ആകാവുന്നതാണ്. പല സിനിമകളിലും നോവലുകളിലും മറ്റും ഈ വിഷവസ്തു ഉപയോഗിച്ച് കൊലപാതകങ്ങള്‍ നടത്തുന്നത് ചിത്രീകരിച്ചിട്ടുണ്ട്. നേരിയ അളവില്‍ ആയതിനാല്‍ തന്നെ ധാരാളമായി ഇതിന്റെ കുരു അകത്തു ചെന്നാല്‍ വിഷമാവാറുണ്ട്.

അലങ്കാര ആവശ്യങ്ങള്‍ക്കും മറ്റും വളര്‍ത്തുന്ന മറ്റൊരു സസ്യമാണ് മേന്തോന്നി. കാണാന്‍ ഭംഗിയുള്ള ചുവന്ന പൂക്കള്‍ ഇതിനെ അലങ്കാരസസ്യങ്ങള്‍ വളര്‍ത്തുന്നവരുടെ പ്രിയപ്പെട്ട സസ്യമാക്കി മാറ്റുന്നു. ഇതിന്റെ നടീല്‍ വസ്തുവായ കിഴങ്ങുകളില്‍ തന്നെയാണ് മാരക വിഷമായ കോള്‍ചൈസിന്‍ എന്ന ആല്‍ക്കലോയിഡ് അടങ്ങിയിട്ടുള്ളത്.

ചെറുപ്പത്തില്‍ എല്ലാവരും ഓമനിച്ച് കൂട്ടിവയ്ക്കുന്ന ഒന്നാണ് കുന്നിക്കുരു. പയര്‍ ഉള്‍പ്പെടുന്ന പാപ്പിലോണിയസിയെ കുടുംബത്തിലാണ് ഇത്. എന്നാല്‍, കുന്നിക്കുരുവിന്റെ പരിപ്പില്‍ മാരകമായ അബ്രിന്‍ എന്ന വിഷാംശം അടങ്ങിയിട്ടുണ്ട്. ഒന്നോ രണ്ടോ കുരു തന്നെ മാരകമായ വിഷബാധയ്ക്ക് കാരണമാകാറുണ്ടെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

 

Oleander aralipoovu kerala flowers