കേരളത്തോട് ബൈ; യാത്രയയപ്പ് ഇല്ലാത്തതില്‍ പരാതിയില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

കേരളവുമായി ഇനി ആജീവനാന്ത ബന്ധമായിരിക്കും. കേരള ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഓര്‍മകളും കൊണ്ടാണ് പോകുന്നത് എന്നും ആരിഫ് മുഹമ്മദ് ഖാന്‍

author-image
Punnya
New Update
Arif Mohammad Khan

ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: കാലാവധി കഴിഞ്ഞെങ്കിലും സംസ്ഥാനവുമായി ബന്ധം തുടരുമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളവുമായി ഇനി ആജീവനാന്ത ബന്ധമായിരിക്കും. കേരള ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഓര്‍മകളും കൊണ്ടാണ് പോകുന്നത്. നിങ്ങളെയെല്ലാം എന്നും ഓര്‍ക്കും. കേരളത്തിലെ എല്ലാവര്‍ക്കും നല്ലതുവരട്ടെയെന്നും സര്‍ക്കാരിന് ആശംസകള്‍ നേരുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. യാത്രയയപ്പ് ഇല്ലാത്തതിനാല്‍ പരാതിയില്ല. രാജ്യം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് മരിച്ച ദുഃഖത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ പ്രതിനിധികള്‍ അദ്ദേഹത്തെ യാത്ര അയയ്ക്കാനായി എത്തിയിരുന്നു. മലയാളത്തിലാണ് ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോടു സംസാരിച്ചത്. ചീഫ് സെക്രട്ടറിയും കളക്ടറുമാണ് രാജ്ഭവനിലെത്തിയത്. മുഖ്യമന്ത്രിയോ മന്ത്രിമാരോ രാജ്ഭവനിലെത്താന്‍ തയാറായില്ല. വിമാനത്താവളത്തിലേക്കുള്ള വഴിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്ക് ടാറ്റാ നല്‍കി. പേട്ടയില്‍ വച്ചാണ് ഗവര്‍ണര്‍ക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ടാറ്റാ നല്‍കിയത്. പി. സദാശിവം ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ വലിയ യാത്രയയപ്പാണ് സര്‍ക്കാര്‍ നല്‍കിയത്. സര്‍വകലാശാല വിഷയത്തില്‍ ഒഴികെ സര്‍ക്കാരുമായി ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. ജസ്റ്റിസ് സദാശിവവുമായി തന്നെ താരതമ്യപ്പെടുത്തേണ്ടതില്ല. രണ്ടു പ്രവര്‍ത്തന ശൈലിയാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

farewell kerala arif mohammad khan