arjun pandian ias
തൃശൂര്‍: തൃശൂര്‍ ജില്ലയുടെ പുതിയ കളക്ടറായി അര്‍ജുന്‍ പാണ്ഡ്യന്‍ ചുമതലയേറ്റു. ഇടുക്കി സ്വദേശിയായ അര്‍ജുന്‍ പാണ്ഡ്യന്‍ 2017 ബാച്ചിലെ കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ജില്ലയുടെ സമഗ്രവികസനത്തിനായി നല്ല രീതിയിലുള്ള ഇടപെടല്‍ ഉണ്ടാവുമെന്ന് ചുമതലയേറ്റ ശേഷം അദ്ദേഹം പ്രതികരിച്ചു. ജനങ്ങള്‍ക് സേവനങ്ങള്‍ കൃത്യമായി ലഭ്യമാകുന്നതിനുള്ള സുതാര്യമായ ജില്ലാ സംവിധാനം ആയിരിക്കും. മഴയുടെ സാഹചര്യത്തില്‍ എല്ലാ താലൂക്കുകളിലും ജില്ലാ കളക്ടറേറ്റിലും കണ്ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു.
തൃശൂര്‍ ജില്ലാ കളക്ടറായിരുന്ന വി.ആര്‍. കൃഷ്ണതേജയെ കേരളാ കേഡറില്‍ നിന്ന് ആന്ധ്ര കേഡറിലേക്ക് മാറ്റിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. മൂന്നു വര്‍ഷത്തേക്കാണ് ഡപ്യൂട്ടേഷന്‍. ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി തസ്തികയിലേക്കാണ് കൃഷ്ണതേജ പോയത്. ഉപമുഖ്യമന്ത്രിയായ പവന്‍ കല്യാണിന് ഗ്രാമ വികസനം, പഞ്ചായത്തീരാജ് വകുപ്പുകളുടെ ചുമതലയാണ്. പ്രളയം, കൊവിഡ് കാലത്ത് കേരളത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് കൃഷ്ണ തേജയെ പരിഗണിക്കാന്‍ കാരണം.
ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശിയായ കൃഷ്ണ തേജ 2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. തൃശൂര്‍ സബ് കളക്ടര്‍, ആലപ്പുഴ കളക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് തൃശൂരില്‍ കളക്ടറായെത്തിയത്. കൊവിഡ് കാലത്ത് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ പഠനം സ്‌പോണ്‍സര്‍മാരെ കണ്ടെത്തി സുരക്ഷിതമാക്കിയ കൃഷ്ണതേജയുടെ പദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു. പവന്‍ കല്യാണിന്റെ സ്റ്റാഫിലേക്ക് പോകുന്നതിന് ഡെപ്യൂട്ടേഷന് കൃഷ്ണതേജ അനുമതി തേടിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ എതിര്‍പ്പില്ലെന്ന് അറിയിച്ചതോടെയാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. തൃശ്ശൂര്‍ കളക്ടറായി 20 മാസം പൂര്‍ത്തിയാകുമ്പോഴാണ് കൃഷ്ണതേജ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ചുമതല ഒഴിഞ്ഞ് കേരളം വിട്ട് ആന്ധ്രയിലേക്ക് പോയത്.