അങ്കോല: കർണാടക ഷിരൂരിൽ മണ്ണിനടിയിൽപ്പെട്ട് കാണാതായ കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹത്തിൽനിന്ന് ഡി.എൻ.എ. സാംപിൾ ശേഖരിച്ച് ഹൂബ്‌ളി റീജണൽ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു. ഫലം വരാൻ 18 മണിക്കൂർവരെ സമയമെടുത്തേക്കാമെന്നാണ് ലാബ് ഡയറക്ടർ അറിയിച്ചതെന്ന് മഞ്ചേശ്വരം എം.എൽ.എ. എ.കെ.എം. അഷറഫ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഫലം ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് അർജുന്റെ സഹോദരീഭർത്താവ് ജിതിനെ പോലീസ് അറിയിച്ചത്. അങ്ങനെയെങ്കിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കി വെള്ളിയാഴ്ച വൈകീട്ട് തന്നെ മൃതദേഹം കൊണ്ടുവരാൻ സാധിക്കും.
അർജുന്റെ മൃതദേഹം കൊണ്ടുവരാൻ കർണാടക സർക്കാർ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കണ്ണാടിക്കലിലെ വീടുവരെ കർണാടക പോലീസ് ആംബുലൻസിന് അകമ്പടിവരും. മൃതദേഹം കാർവാർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചെലവും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ഗുജറാത്തിൽ നിന്നുള്ള ഒരു മലയാളിയും മൃതദേഹം എത്തിക്കാൻ ആംബുലൻസുമായി ഷിരൂരിലെത്തിയിട്ടുണ്ട്.
ബുധനാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് അർജുന്റെ മൃതദേഹവും ലോറിയും ഗാംഗവലിപുഴയിൽ നിന്ന് കണ്ടെടുത്തത്. എന്നാൽ വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് ലോറി കരയ്ക്കെത്തിക്കാൻ കഴിഞ്ഞത്. രണ്ട് ക്രെയിനുകൾ ഉപയോഗിച്ച് ഒന്നരമണിക്കൂർ സമയമെടുത്താണ് ലോറി കരയ്ക്കെത്തിച്ചത്. ലോറിയുടെ കാബിനിൽനിന്ന് അർജുന്റെ ഒരു അസ്ഥി കൂടെ കണ്ടെത്തി. ഇത് ഫൊറൻസിക് സംഘം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ലോറിയിൽ നിന്നും അർജുന്റെ വസ്ത്രങ്ങൾ, രണ്ട് മൊബൈൽ ഫോണുകൾ, ഭക്ഷണം പാകംചെയ്യാനുള്ള പാത്രങ്ങൾ, പുതപ്പ്, ഗ്യാസ് സിലിൻഡർ, മകനുള്ള കളിപ്പാട്ടമായ ലോറി, ചെരിപ്പ്, വെള്ളം സൂക്ഷിക്കുന്ന വലിയ ബോട്ടിൽ, അരി എന്നിവയും കണ്ടെത്തി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
